തിരുവനന്തപുരം : ഇന്ത്യക്ക് മാതൃകയാക്കാനാകും വിധം കേരളം സൃഷ്ടിച്ച അനേകം ബദലുകളില്‍ സാമൂഹിക സേവനത്തിന്റെ ഏറ്റവും മാനുഷികമായ ഒന്നാണ് ബഡ്‌സ് സ്ഥാപനങ്ങളെന്ന് മന്ത്രി എം.ബി രാജേഷ്. കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ബഡ്‌സ് ദിന പ്രഖ്യാപനവും ബഡ്‌സ് ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാകുന്ന മാതൃകയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനമാണ് ആദ്യ ബഡ്‌സ് ദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 16 എന്നും മന്ത്രി പറഞ്ഞു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ് ബഡ്‌സ് സ്ഥാപനങ്ങള്‍ക്കുള്ളത്.
നിലവില്‍ 359 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. 18 വയസ് വരെ പ്രായമുള്ള കട്ടികള്‍ക്കായി 167 ബഡ്സ് സ്‌കൂളുകളും 18 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി 192 ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലൂടെ 11,642 പരിശീലനാർഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കിവരുന്നു. 495 അധ്യാപകരും 622 ആയമാരുമാണ് ബഡ്‌സ് സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കി വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി. ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. 'സജ്ജം' കൈപ്പുസ്തക പ്രകാശനം ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് (കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം) മന്ത്രിക്ക് നല്‍കി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.