ലൈഫ് ഭവന പദ്ധതിയില്‍ 18,000 കോടി രൂപ ചെലവഴിച്ചുവെന്ന് എം.ബി രാജേഷ്

കൊച്ചി: ലൈഫ് ഭവന നിർമാണ പദ്ധതിയില്‍ 2016 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപയെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജി.സി.ഡി.എ-സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ആ ലക്ഷ്യം കേരളം കൈവരിക്കും. ഇതാണ് കേരളത്തിന്റെ വികസന ബദല്‍. വീട് നിർമാണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരളത്തിലാണ്. നാലു ലക്ഷം രൂപ. രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര നല്‍കുന്നത് 1.8 ലക്ഷം രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

 


പി ആൻഡ് ടി കോളനി നിവാസികള്‍ക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങളാണ്. കോളനി നിവാസികള്‍ക്കായി ഒരുക്കിയ പുനരധിവാസം കേരളത്തിന് മാതൃകയാണ്. 83 കുടുംബങ്ങള്‍ നരകതുല്യമായ ജീവിതത്തില്‍ നിന്ന് അന്തസുള്ള ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മഴക്കാലത്ത് അഴുക്ക് വെള്ളത്തില്‍ ജീവിക്കേണ്ടി വന്നവര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടാകില്ല.

വര്‍ഷങ്ങളായ കാത്തിരിപ്പ് യഥാര്‍ഥ്യമായിരിക്കുകയാണ്. വിധിയും തലവരയും മാറ്റി കുറിക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുടങ്ങി പോകുമെന്ന് പലരും കരുതിയ പദ്ധതിയാണ് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് യഥാര്‍ഥ്യമായിരിക്കുന്നത്. ഇഛാശക്തിയുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

 


എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5.8 ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ ഖര മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കി. ജി.സി.ഡി.എയുടെ 30 സെന്റ് സ്ഥലത്ത് 17 കോടി രൂപ ചെലവില്‍ ഒരു എം.എൽ.ഡി ശേഷിയുള്ള മലിനജല സംസ്‌ക്കരണ പ്ലാന്റും ഒരുക്കുമെന്നും കൊച്ചിയില്‍ പലതും മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.

മുണ്ടംവേലി ലൈഫ് ഫ്‌ളാറ്റുകളോടുചേര്‍ന്ന രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ജെ മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. 30 കൊല്ലമായി പി ആൻഡ് ടി കോളനിയില്‍ താമസിക്കാരിയായ രഘുപതിക്ക് ആദ്യ താക്കോല്‍ മേയര്‍ എം.അനില്‍കുമാര്‍ കൈമാറി. ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എം.എൽ.എമാരായ കെ.ബാബു, ടി.ജെ വിനോദ്, ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടര്‍ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


70 സെന്റ് സ്ഥലത്ത് 83 കുടുംബങ്ങള്‍ക്ക് പുതിയ വീട്

മുണ്ടംവേലിയില്‍ ജി.സി.ഡി.എ ഉടമസ്ഥതയിലുള്ള 70 സെന്റോളം വരുന്ന ഭൂമിയില്‍ പ്രീ-എഞ്ചിനീയേഡ് ബില്‍ഡിംഗ് സ്ട്രക്ചര്‍ (പി.ഇ.ബി) എന്ന നിര്‍മാണരീതിയില്‍ രണ്ടു ബ്ലോക്കുകളിലെ നാലു നിലകളിലായാണ് ഭവന സമുച്ചയം യാഥാർഥ്യമായിരിക്കുന്നത്. 200 ടണ്‍ സ്റ്റീല്‍ നീർമാണത്തിനായി ഉപയോഗിച്ചു. കാലങ്ങളായി കനാല്‍ പുറംമ്പോക്കില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന 83 കുടുംബങ്ങള്‍ക്ക് പുതിയ വീട് ലഭിക്കുന്നത്.

രണ്ട് ബെഡ്‌റും ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചന്‍, ടോയ്‌ലറ്റ് എന്നിവയുള്‍പ്പടെ 375 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. ലൈഫ് മിഷന്‍ മാര്‍ഗ്ഗരേഖ പ്രകാരം കോമണ്‍ അമിനിറ്റീസായി സിക്ക് റൂം, ഡേ കെയര്‍ സെന്റര്‍, അഡ്മിന്‍ റും റീഡിംഗ് റൂം എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - MB Rajesh said that Rs 18,000 crore has been spent on the Life Housing Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.