തിരുവനന്തപുരം :തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളെ മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ കൂടുതൽ ഫലപ്രദവും തൊഴിലാളി സൌഹൃദവും ആക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം സമ്പൂർണ മാലിന്യ മുക്ത സംസ്ഥാനം എന്ന നേട്ടത്തിലേയ്ക്ക് ചുവട് വയ്ക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ സാധ്യതകളെ കൂടി ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. പല ഗ്രാമപഞ്ചായത്തുകളിലും അജൈവമാലിന്യം സംഭരിക്കുന്നതിനുള്ള എം.സി.എഫ്-ന്റെ അപര്യാപ്തത ഹരിതകർമ്മസേനാംഗങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഒരു വാർഡിൽ കുറഞ്ഞത് രണ്ട് വീതമെങ്കിലും എം.സി.എഫ് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി നിർമ്മിക്കാനാവും.
ജല സംരക്ഷണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഇടപെടൽ വളരെ വലുതാണ്. ഇത് ഗ്രാമപഞ്ചായത്തുകൾ പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയും, തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധിയും, നഗരതൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണിത് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 2000 കുളങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് പദ്ധതിയിലൂടെ നിർമ്മിക്കുകയും പുനഃരുദ്ധരിക്കുകയും ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകണം. ഇതിന് വേണ്ടിയാണ് നീരുറവ് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുളളത്. ഗ്രാമപഞ്ചായത്തുകൾ ഇത് ഏറ്റെടുത്ത് നടപ്പിലാക്കണം. പദ്ധതിയുടെ നടത്തിപ്പിൽ ചില സ്ഥലത്തെങ്കിലും കാണപ്പെടുന്ന ക്രമക്കേടുകള്‍ കൂടി അവസാനിപ്പിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. നവകേരളം മിഷൻ കോർഡിനേറ്റർ ടി.എൻ സീമ, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്. രാജേന്ദ്രൻ, സോഷ്യൽ ഓഡിറ്റ് യൂനിറ്റ് ഡയറക്ടർ രമാകാന്തൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി കെ.കെ രാജീവൻ, വൈസ് പ്രസിഡൻറ് പുഷ്പലത മധു, പി. ബാലചന്ദ്രൻ, എ. ലാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.