തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ ഒ.ബി.സി സംവരണം ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിന്‍റെ കുടില തന്ത്രത്തിനുള്ള തിരിച്ചടിയാണെന്ന് എം.ബി.സി.എഫ്. സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്‍റെ പേരിൽ നടത്തിയ നിഗൂഢ രാഷ്ട്രീയ ശ്രമമാണ് ഹൈകോടതിയുടെ ഇടപെടലിലൂടെ പരാജയപ്പെട്ടതെന്ന് മോസ്റ്റ് ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം.ബി.സി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് യഥാർത്ഥ ഒ.ബി.സി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കുടിലതന്ത്രമായിരുന്നു. അതോടൊപ്പം നാടാർ, ക്രിസ്ത്യൻ വോട്ട് നേടാനും ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഉദ്ദേശശുദ്ധിയില്ലാത്ത വാഗ്ദാനതന്ത്രങ്ങൾക്ക് പാർശ്വവൽക്കരിക്കപ്പെടുന്ന ജനസമൂഹമാണ് ഇരയാകുന്നത്.
ചട്ടങ്ങൾ പാലിക്കാതെ പിന്നാക്ക വിഭാഗ കമ്മീഷന്‍റെ ശുപാർശ വാങ്ങി, ഈ വിഷയം സംബന്ധിച്ച് പിന്നാക്ക വിഭാഗ വകുപ്പ് വിശദമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെന്ന് കാണിച്ചാണ് ഉത്തരവിറക്കിയത്. 1958-ലെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് 1 ഷെഡ്യൂളിൽ III ഇനം 49 c ആയി എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായത്തെ സംസ്ഥാന ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്താവുന്നതും സംവരണാനുകൂല്യം അനുവദിക്കാവുന്നതാണെന്നുമായിരുന്നു ഈ ഉത്തരവിൽ സൂചിപ്പിച്ചത്. ഇതിനെയാണ് എം ബി സി എഫ് കോടതിയിൽ ചോദ്യം ചെയ്തത്. കേരള സർക്കാരിനേയും പിന്നോക്ക വികസന വകുപ്പിനേയും എതിർകക്ഷികളാക്കിയായിരുന്നു ഹരജി. ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി തീരുമാനമെടുക്കണെമന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഉത്തരവ്.
102ാം ഭേദഗതി പ്രകാരം 2018 ആഗസ്റ്റ് 15 മുതൽ രാഷ്ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹരജിക്കാരുടെ വാദം. സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഇനിയും ഇത്തരം കുതന്ത്രങ്ങൾ വേഷം മാറിയെത്താൻ സാധ്യത ഉള്ളതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എസ്. കുട്ടപ്പൻ ചെട്ടിയാർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.