കൊച്ചി: മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും നിയമത്തിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈകോടതി. രാജ്യസുരക്ഷ, അഖണ്ഡത, സാമൂഹികക്രമം എന്നിവയെ ദോഷമായി ബാധിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ ഭരണഘടന അനുശാസിക്കുന്ന നിയന്ത്രണം സാധ്യമാകൂവെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്, ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള കേസുകളും അന്വേഷണം നടക്കുന്ന ക്രിമിനൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നതിലടക്കം മാധ്യമങ്ങൾക്ക് പരിധി നിശ്ചയിക്കുകയും മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ഇതുസംബന്ധിച്ച ഹരജികൾ നേരത്തേ മൂന്നംഗ ഫുൾ ബെഞ്ച് പരിഗണിച്ചെങ്കിലും വിശാല ബെഞ്ചിന് വിടുകയായിരുന്നു.
ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്യത്തിൽ മാധ്യമസ്വാതന്ത്ര്യവും ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ യുക്തിപരമായ നിയന്ത്രണം ഭരണഘടനയുടെ അനുച്ഛേദം19 (2)ലും വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന മറ്റ് മൗലികാവകാശങ്ങളുടെയും അന്തർലീനമായ മൂല്യങ്ങളുടെയും ആശയങ്ങളുടെയും മറ്റും കാര്യത്തിലും യുക്തിസഹമായ നിയന്ത്രണം മാധ്യമങ്ങൾക്കുമേലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവിക്കാനുള്ള അവകാശം ഉറപ്പ് നൽകുന്ന ഭരണഘടന അനുച്ഛേദം 21ലൂടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുണ്ട്. ക്രിമിനൽ കേസുകളിൽ അന്തിമ തീർപ്പ് കൽപിക്കേണ്ടത് കോടതികളാണെന്നിരിക്കെ മാധ്യമങ്ങളുണ്ടാക്കുന്ന തീർപ്പിന് ഭരണഘടനാപരമായി സംരക്ഷണമില്ല. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. അതേസമയം, മാധ്യമങ്ങൾമൂലം ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പരിഹാരംതേടി കോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും വിശാലബെഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസുകളിലും മറ്റും മാധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ൽ പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ നൽകിയ ഹരജിയാണ് ആദ്യം കോടതിയുടെ പരിഗണനക്കെത്തിയത്. പിന്നീട് 2016ൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരുമായുള്ള തർക്കത്തെതുടർന്ന് കൂടുതൽ ഹരജികളെത്തി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ‘പബ്ലിക് ഐ’ ട്രസ്റ്റും ഹരജി നൽകി. എന്നാൽ, വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കണമെന്നും കോടതികളുടെ അന്തിമ ഉത്തരവുണ്ടാകുംവരെ മാധ്യമങ്ങൾ പ്രതികളുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നുമുള്ള ആവശ്യവും കോടതി അനുവദിച്ചില്ല.
തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന വിശാല ബെഞ്ചിന്റെ ഉത്തരവ് ഏറെ സ്വാഗതാർഹമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണെന്നും അതു നിയന്ത്രിക്കാന് ഭരണഘടനാപരമായ മാര്ഗമുണ്ടെന്നുമുള്ള ഉത്തരവ് ചരിത്രപരമാണ്.
ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ വ്യക്തി സ്വാതന്ത്യം ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെയും ബാധ്യതയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ മാധ്യമങ്ങൾ വിധി കൽപിക്കരുതെന്ന നിർദേശവും ഉൾകൊള്ളുന്നു. വസ്തുതകൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം അംഗീകരിക്കുന്നതോടൊപ്പം മാധ്യമ സ്വാതന്ത്യം ആവർത്തിച്ചുറപ്പിച്ച ഹൈക്കോടതി ഉത്തരവ് മാധ്യമ മേഖലയ്ക്ക ഉണർവ് പകരുമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.