തിരുവനന്തപുരം: കെ. കരുണാകരനെക്കുറിച്ചും ഇന്ദിരാ ഗാന്ധിയെയും കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി എം.പി.
ഞാൻ പറഞ്ഞത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്‍റെ പിതാവാണ്. ഭാരതം എന്ന് പറയുമ്പോൾ മാതാവാണ് ഇന്ദിര ഗാന്ധി. അല്ലാതെ, രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിജിയും രാഷ്ട്ര മാതാവ് ഇന്ദിര ഗാന്ധിയും എന്ന് പറയുന്ന വ്യംഗ്യം പോലും അതിൽ ഇല്ല -സുരേഷ് ഗോപി ഇന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു.
എന്നാൽ, കഴിഞ്ഞ ദിവസം കരുണാകരനെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ‘ലീഡർ ശ്രീ കരുണാകരനെ കേരളത്തിലെ കോൺഗ്രസിന്‍റെ പിതാവ് എന്ന നിലക്ക് തന്നെ, ഞാൻ കാണുന്നത് അങ്ങിനെയാണ്. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്‍റെ മാതാവ് എന്ന് കാണുന്നത് പോലെ....’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
അതേസമയം, താൻ തൃശൂരിന്‍റെ എം.പിയായി ഒതുങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കേരളത്തിന്‍റെ എം.പിയാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ശ്രദ്ധ തമിഴ്നാട്ടിലുമുണ്ടാകുമെന്നും അങ്ങനെ തന്നെയാകും പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.