മീഡിയാവൺ വിലക്ക്: ഹൈക്കോടതി വിധി ഭരണകൂട ഫാസിസത്തിന് ശക്തി പകരും-വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മീഡിയാവൺ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തെ ഫാസിസ്റ്റ് ഭരണ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് ഈ വിധി ശക്തി പകരും. ദേശ സുരക്ഷക്ക് ഭീഷണി എന്ന വാദത്തിലാണ് ആഭ്യന്തര മന്ത്രാലയം മീഡിയാ വണ്ണിന്റെ ലൈസൻസ് പുതുക്കുന്നതിന് ക്ലിയറൻസ് നൽകാത്തത്. പക്ഷേ എന്ത് ദേശ സുരക്ഷാ പ്രശ്നമാണ് മീഡിവണ്ണിൽ നിന്നുണ്ടായതെന്ന് ബന്ധപ്പെട്ട കക്ഷികളെയോ രാജ്യത്തെ ജനങ്ങളെയോ ബോധ്യപ്പെടുത്താതെയുണ്ടായ ഈ സംപ്രേഷണ വിലക്ക് ജനാധിപത്യപരമല്ല.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും നേരെയുള്ള നിഷേധമാണ്. സ്വാതന്ത്ര മാധ്യമ പ്രവർത്തനത്തിൽ ഭയമുള്ള സർക്കാരുകളുടെ അമിതാധികാര പ്രവണതക്കെതിരെ നില കൊണ്ട നമ്മുടെ നീതിന്യായ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ട കാലമാണിത്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന സന്ദേശമാണ് മീഡിയാവണ്ണിന്റെ വിലക്ക് നൽകുന്നത്. രാജ്യത്തെ പൗര സമൂഹം ജനാധിപത്യ മൂല്യങ്ങളുയർത്തിപ്പിടിച്ച് കൂടുതൽ ജാഗ്രതയോടെ നിലകൊള്ളണം. ഉന്നത കോടതികളിലെ നിയമ പോരാട്ടങ്ങളിലൂടെ മീഡിയാ വൺ തിരിച്ചു വരുമെന്ന് പ്രത്യാശിക്കുന്നതായി ഹമീദ് വാണിയമ്പലം വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - MediaOne ban: High court ruling will strengthen fascism: Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.