മാസം പകുതി കഴിഞ്ഞു, മെഡിക്കല്‍ കോളജിലെ  കരാര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ല

കോട്ടയം: മാസം പകുതി പിന്നിട്ടിട്ടും ശമ്പളമില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ചോദിക്കുന്നു -‘ഞങ്ങള്‍ സാമൂഹിക പ്രതിബദ്ധത ചവച്ചരച്ച് വിശപ്പ് മാറ്റണോ’. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് പി.ജി കഴിഞ്ഞ് ഒരു വര്‍ഷ ബോണ്ടും പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വിസില്‍ കരാറില്‍ ജോലി തുടരുന്നവര്‍ക്കാണ് ഈ ദുര്‍ഗതി. മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക അധ്യാപകരുമാണ് ഇവര്‍. ‘യുവ ഡോക്ടര്‍മാര്‍ക്ക് സാമൂഹിക പ്രതിബദ്ധതയില്ളെന്നു പറഞ്ഞ് ഈ വഴി ദയവായി ആരും വരരുത്. ശമ്പളം എത്ര എന്നും കൂടി പറയാം -മാസം 38000. പി.ജി ചെയ്തപ്പോള്‍ 45000, ബോണ്ട് ചെയ്തപ്പോള്‍ 50000 എന്നിങ്ങനെ ഇതേ കോളജില്‍നിന്ന് ലഭിച്ചിരുന്നു. സ്വകാര്യ പ്രാക്ടീസും മരുന്ന് കമ്പനി-ലാബ് കൈക്കൂലിയൊന്നുമില്ല മാഷേ. മകള്‍ക്ക് എന്തെങ്കിലും വേണമെന്ന് പറയുന്നത് കേള്‍ക്കുമ്പോഴുള്ള നിസ്സഹായവസ്ഥ ഓര്‍ത്ത്, സങ്കടത്താലെഴുതിയതാ. അവളോട് പറയാന്‍ പറ്റില്ലല്ളോ, ഈ സാമൂഹിക പ്രതിബദ്ധതയുടെ കഥ’ -യുവ ഡോക്ടര്‍ പി.എസ്. ജിനേഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ഓഫിസ് ജീവനക്കാര്‍ യഥാസമയം ഹാജര്‍നില നല്‍കാത്തതും മറ്റുമാണ് ശമ്പളം മുടങ്ങാന്‍ കാരണം. സ്ഥിരം ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന നടപടിക്രമത്തില്‍ തന്നെ താല്‍ക്കാലികക്കാര്‍ക്കും ശമ്പളം നല്‍കണമെന്ന ആവശ്യം ഒരുപാട് തവണ ഉയര്‍ത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരായി സേവനം തുടരാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇവരില്‍ ഏറെയും. സ്വകാര്യ മേഖലയില്‍ ആറക്ക ശമ്പളം ഉറപ്പാണെങ്കിലും യുവഡോക്ടര്‍മാരില്‍ പലരും സര്‍ക്കാര്‍ സര്‍വിസില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ തുടര്‍ന്നില്ളെങ്കില്‍ മെഡിക്കല്‍ കോളജുകളിലെ ചില ചികിത്സാ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ഇല്ലാതെ വരും. ഒപ്പം മെഡിക്കല്‍ വിദ്യാഭ്യാസ മേഖല തകരാറിലാകുകയും ചെയ്യും. 

പി.ജി പഠന കാലയളവിലും ബോണ്ട് സര്‍വിസ് ചെയ്യുമ്പോഴും നല്‍കിയിരുന്ന ശമ്പളത്തില്‍നിന്ന് കുറവാണ് കരാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്. നിരന്തരം ആവശ്യം ഉന്നയിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശമ്പളം വര്‍ധിപ്പിച്ചു നല്‍കി. എന്നാല്‍, മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച്, നിയമനങ്ങള്‍ നടത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഇടതു സര്‍ക്കാര്‍ ബോണ്ട് കൂട്ടി നിയമനങ്ങള്‍ മരവിപ്പിച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ എയിംസ് പോലെ മികവിന്‍െറ കേന്ദ്രങ്ങളാക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ നിയമന യോഗ്യതകള്‍ തന്നെ കുറച്ചത് എന്തടിസ്ഥാനത്തിലാണെന്നും ഡോക്ടര്‍മാര്‍ ചോദിക്കുന്നു. ‘ബുധനാഴ്ച കൂടി ശമ്പളം കിട്ടിയില്ളെങ്കില്‍ ഇനിയുള്ള ദിവസങ്ങള്‍ പകല്‍ 12 മണിക്കൂര്‍ നിരാഹാരം കിടന്ന് ജോലി ചെയ്ത് പ്രതിഷേധിക്കും. അതിലൂടെ ദൈനംദിന ചെലവും കുറക്കാമല്ളോ’ -ഡോക്ടര്‍ പി.എസ്. ജിനേഷ് പറയുന്നു.
Tags:    
News Summary - medical college, doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.