കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ വിവരാവകാശംവഴി ലഭിച്ചത് കൃത്രിമം നടത്തിയ രേഖകളെന്ന് അതിജീവിത. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇൻസിഡന്റ് രജിസ്റ്ററിന്റെ കോപ്പി ലഭിച്ചതിലാണ് വർഷവും ദിവസവും സമയവും തിരുത്തിയതായി കാണിക്കുന്നത്. വർഷം 2022 എന്നെഴുതി പിന്നീട് 2023 എന്ന് തിരുത്തിയ നിലയിലാണ്.
മാസവും വായിക്കാൻ പ്രയാസമുള്ള വിധം തിരുത്തി. സമയം 12.40 പി.എം എന്ന് എഴുതിയത് പിന്നീട് 11.10 എ.എം എന്നാക്കിയതായും കാണാം. താൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയതിനുശേഷം രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതാണിതെന്ന് അതിജീവിത ആരോപിക്കുന്നു.
പ്രതിയെ സംരക്ഷിക്കാൻ രജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തുകയും പിന്നീട് താൻ രേഖ ആവശ്യപ്പെട്ടപ്പോൾ അതിൽ തിരുത്തൽ വരുത്തിയെന്നുമാണ് സംശയിക്കുന്നതെന്നും അതിജീവിത പറഞ്ഞു. രേഖയിൽ തിരുത്തൽ വരുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. ഇക്കാര്യം ഉന്നയിച്ച് മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശന് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
തുടക്കം മുതൽ ഭരണാനുകൂല സംഘടന നേതാവായ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടന്നത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും പീഡനം നടന്നശേഷം യുവതിയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിയുടെ മൊഴി പ്രതിയെ സഹായിക്കുന്ന രീതിയിലാണ്. ഇതിനെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാത്തതിനെതുടർന്ന് വിവരാവകാശ കമീഷണറെ സമീപിച്ചിരിക്കുകയാണ് അതിജീവിത. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കോഴിക്കോട്: വിവാദമായ മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്ക് ഒപ്പം നിൽക്കുകയും പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ സംരക്ഷണം ഉറപ്പാക്കുകയുംചെയ്ത സീനിയർ നഴ്സിങ് ഓഫിസറെ സ്ഥലംമാറ്റിയ ഉത്തരവ് ഡി.എം.ഇ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് യൂനിയൻ (കെ.ജി.എൻ.യു) കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ കൂട്ടധർണ നടത്തി.
നോട്ടീസ് നൽകുകയോ വിശദീകരണംതേടുകയോ ചെയ്യാതെയാണ് സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയതെന്നും ഇവർ പറഞ്ഞു.
സമരം കേരള ഗവ. നഴ്സസ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ് ഉദ്ഘാടനംചെയ്തു. പീഡനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ ജീവനക്കാർ സ്വാധീനിക്കാനെത്തിയപ്പോൾ അനിത ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. വസ്തുതകൾ ഇതായിരിക്കെ സംഭവത്തിൽ അനിതയെ മാത്രം സ്ഥലംമാറ്റിയത് കുറ്റക്കാരായ ഭരണപക്ഷ അനുകൂല സംഘടനാ പ്രവർത്തകരുടെ താൽപര്യത്തിനു വഴങ്ങിയാണ്. ഐ.സി.യുവിൽവെച്ച് പീഡനം നടന്നിട്ടും സുരക്ഷവീഴ്ചക്കെതിരെ നടപടിയെടുക്കാതെ അനിതയെ ബലിയാടാക്കിയത് അനീതിയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
അനിതയെ ഭീഷണിപ്പെടുത്തിയ സീനിയർ ക്ലർക്കിനെതിരെയും വ്യാജ പോസ്റ്റർ പ്രചാരണം നടത്തിയവർക്കെതിരെയും നടപടിയെടുക്കുക, ആശുപത്രിയിൽ നടക്കുന്ന മിക്ക വിഷയങ്ങളിലും ഉത്തരവാദിത്തം നഴ്സുമാരുടെ തലയിലേക്കിടുന്ന അധികൃതരുടെ സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. കെ.ജി.എൻ.യു ജില്ല പ്രസിഡന്റ് സജിത്ത് ചെരണ്ടത്തൂർ അധ്യക്ഷത വഹിച്ചു.
എൻ.ജി.ഒ.എ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ, പി.കെ. ബിന്ദു, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, പി. രാധാകൃഷ്ണൻ, കെ. ദിനേശൻ, പി. ഷാജു, കെ.പി. അനീഷ് കുമാർ, ആർ. മാളു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ. ഷീരാജ് സ്വാഗതവും സാൻസി ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.