കൊച്ചി: ചികിത്സാപ്പിഴവ് ആരോപണമുള്ള കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. സംസ്ഥാന പൊലീസ് മേധാവി, ഹെൽത്ത് സർവിസ് ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി കെ.വി. സണ്ണി ചികിത്സാപ്പിഴവിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹരജിയിലാണ് ഉത്തരവ്. 2018 ഒക്ടോബർ 17ന് കുടലിലെ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സണ്ണിക്ക് ഹരജിക്കാരെ അറിയിക്കാതെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെന്നും പിന്നീട് അവശനിലയിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നെന്നും ഹരജിയിൽ പറയുന്നു. ഒക്ടോബർ 20ന് സണ്ണി മരിച്ചു.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയെങ്കിലും അഞ്ചുവർഷമായി നടപടിയില്ലെന്നാണ് ഹരജിക്കാരുടെ ആരോപണം. ചികിത്സാപ്പിഴവാണെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സംസ്ഥാനതല ഉന്നത വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അന്തിമ റിപ്പോർട്ട് നൽകാത്തതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം.
കോടതി നിർദേശത്തെ തുടർന്ന് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ ഒരാഴ്ചക്കകം അന്തിമ റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് രേഖപ്പെടുത്തി ഹരജി തീർപ്പാക്കിയശേഷമാണ് ഇത്തരം കേസുകളിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.