തിരുവനന്തപുരം: എൻ.ആര്.ഐ േക്വാട്ടയില്‍ ചേരാന്‍ ആളില്ലാതായതോടെ സ്കോളര്‍ഷിപ് പദ്ധതി സർക്കാറിന് അധികബാധ്യതയാകും. ഒന്നുകിൽ സര്‍ക്കാര്‍ അധികം പണം കണ്ടെത്തേണ്ടിവരും അല്ലെങ്കിൽ തുക കുറക്കേണ്ടിവരും. വിവിധ സ്വാശ്രയ കോളജുകളില്‍ ഒഴിവു വന്ന 117 എന്‍.ആര്.ഐ സീറ്റുകള്‍ പരീക്ഷ കമീഷണർ അഞ്ചുലക്ഷം രൂപ ഫീസുള്ള പൊതുവിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് സർക്കാറിന് അധികബാധ്യത വന്നത്. മാനേജ്മെൻറുകളുടെ നിയമയുദ്ധവും അഭിമുഖീകരിക്കണം.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസിന് പുറമേ വന്‍തുക കോഴവാങ്ങിയാണ് ഈ സീറ്റുകള്‍ മാനേജ്മെൻറുകള്‍ മുൻകാലങ്ങളിൽ വിറ്റിരുന്നത്. എൻ.ആര്.ഐ വിദ്യാര്‍ഥികള്‍ നൽകുന്ന 20 ലക്ഷം രൂപയുടെ വാര്‍ഷികഫീസില്‍ അഞ്ചുലക്ഷം രൂപ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നൽകാനുള്ള ഫണ്ടായി സ്വരൂപിക്കുമെന്നായിരുന്നു സര്‍ക്കാറിെൻറ ഇെക്കാല്ലത്തെ പ്രഖ്യാപനം.
എന്നാല്‍, എല്ലാ സ്വാശ്രയ കോളേജുകളിലുമായുള്ള 190 സീറ്റുകളില്‍ 117 എണ്ണം അവസാന നിമിഷം സര്‍ക്കാര്‍ തിരിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചയോടെ പൊതുവിഭാഗത്തിലെയും സമുദായ സംവരണ സീറ്റുകളിലെയും സ്പോട്ട് അഡ്മിഷന് പൂര്‍ത്തിയായെങ്കിലും എൻ.ആര്.ഐ സീറ്റ് ഏറ്റെടുത്തതോടെ ലഭിച്ച ജനറല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായത് വൈകീട്ട് നാലിനാണ്. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലായി 1714 സീറ്റുകളാണ് ഒഴിവുണ്ടായിരുന്നത്. ഇതില്‍ 1088 എം.ബി.ബി.എസ് സീറ്റുകളില്‍ സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നൽകി. 50 മണിക്കൂറോളം നീണ്ട നടപടികളിലൂടെ എം.ബി.ബി.എസ് ഒഴിവുകള്‍ പൂര്‍ണമായും നികത്തിയെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ ഡോ.എം.ടി. റജു പറഞ്ഞു.
പൊതുവിഭാഗത്തില്‍ 11,551 റാങ്കുവരെ സ്പോട്ട് അഡ്മിഷനായി വിളിച്ചു. പട്ടികജാതിക്കാരില്‍ 12,617 വരെയും പട്ടിക വര്‍ഗത്തില്‍ 25,594 വരെയും റാങ്കിനകത്തുള്ളവര്ക്ക് സ്പോട്ട് പ്രവേശനത്തില്‍ പങ്കെടുക്കാനായി. 45,709 ആണ് എന്‍.ആര്.ഐയില്‍ സ്പോട്ട് അഡ്മിഷന് ക്ഷണിച്ച അവസാന റാങ്ക്. പ്രവേശന നടപടികള്‍ 31ന് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി വിധിയുള്ളതിനാല്‍ വെള്ളിയാഴ്ച പ്രവേശനം നല്കിയവര്ക്കും തുടര്‍ച്ച എന്നനിലയില്‍ ആഗസ്റ്റ് 31 എന്ന തീയതി രേഖപ്പെടുത്തി നൽകി.
ചേരാന്‍ ആളില്ലെന്ന് വന്നതോടെയാണ് പൊതുവിഭാഗത്തിലേക്ക് മാറ്റാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ തീരുമാനിച്ചത്. പ്രവേശനം സംബന്ധിച്ച വിജ്ഞാപനത്തിലെ അഞ്ച്, ആറ് വ്യവസ്ഥകള്‍ പ്രകാരമായിരുന്നു നടപടി. പ്രവേശന പരീക്ഷ കമീഷണറുടെ നടപടിക്ക് നിയമപരിരക്ഷ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വ്യവസ്ഥയില്‍ വിയോജിപ്പുണ്ടായിരുന്നെങ്കില്‍ നേരത്തേതന്നെ കോടതിയില്‍ ചോദ്യം ചെയ്യണമായിരുന്നു. എന്നാല്‍, സീറ്റ് ഏറ്റെടുക്കുംവരെ മാനേജുമെൻറുകള്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല.
മാനേജ്മെൻറുകൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: എൻ.ആർ.ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെൻറുകള്‍ ആലോചന തുടങ്ങി. ഞായറാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കും. സീറ്റുകള്‍ കൈവിട്ടുപോയത് മാനേജ്മെൻറുകള്‍ക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കിയത്. മുഴുവന്‍ ഫീസും മുന്‍കൂര്‍ വാങ്ങിയും അധികപണം ഈടാക്കിയുമൊക്കെയാണ് എന്‍.ആര്.ഐ സീറ്റുകള്‍ ചില കോളജുകള്‍ മുന്‍കാലങ്ങളില്‍ നികത്തിയിരുന്നത്. അതിനാലാണ് പ്രവേശന പരീക്ഷ കമീഷണര്‍ നേരിട്ട് സ്പോട്ട് അഡ്മിഷന് നടത്തിയതിനെ മാനേജ്മെൻറുകള്‍ എതിര്‍ക്കുന്നതും. അതേസമയം മാനേജ്മെൻറുകള്‍ കോടതിയെ സമീപിച്ചാല്‍ ഏറ്റെടുത്ത എന്‍.ആര്.ഐ സീറ്റുകളില്‍ പ്രവേശനംനൽകിയ കുട്ടികളെ സംരക്ഷിക്കുമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.