തിരുവനന്തപുരം: മെഡിസെപ് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ എണ്ണം കുറയുന്നു. തൽക്കാലത്തേക്ക് പദ്ധതി നിർത്തിവെക്കാൻ മെഡിസെപ്പിൽനിന്ന് നിർദേശം ലഭിച്ചുവെന്നതാണ് പിൻമാറ്റത്തിന് കാരണമായി ആശുപത്രികൾ പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ആശുപത്രികൾക്ക് അറിയിപ്പ് ലഭിച്ചത്. മെഡിസെപ് പ്രകാരം ഈ സമയം അഡ്മിറ്റായവരുടെ പരിരക്ഷയും ഇതോടെ അവതാളത്തിലായി. ചികിത്സ നിർത്തിവെക്കുന്നതിന് തങ്ങളോട് കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇവിടങ്ങളിൽ എന്നുമുതൽ പദ്ധതി പുനരാരംഭിക്കുമെന്നതിലും വ്യക്തതയില്ല.
നടപടിക്രമങ്ങൾ പാലിക്കാത്തതും ക്രമക്കേടുകൾ കാട്ടുന്നതുമായ ആശുപത്രികളെ സസ്പെൻഡ് ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്. ഇതിനാകട്ടെ കാരണം കാണിക്കലും നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തലും മൊഴിയെടുക്കലും ഹിയറിങ്ങുമടങ്ങും നീണ്ട നടപടിക്രമങ്ങളാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച് ധനവകുപ്പ് മാർഗരേഖ പുറത്തിറക്കിയത്. ഇപ്പോൾ ഇൻഷുറൻസ് സൗകര്യം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ചില ആശുപത്രികളോട് ‘സസ്പെൻഡ് ചെയ്തു’വെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. സസ്പെൻഷനായാലും ചികിത്സ നിർത്തിവെപ്പിക്കലായാലും ഇൻഷുറൻസിൽ വിശ്വാസമർപ്പിച്ച് ചികിത്സക്കെത്തുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. മെഡിസെപ് പ്രഖ്യാപിച്ച പട്ടികയിലെ ആശുപത്രികളിൽ പോലും ചികിത്സക്ക് പണമടയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ.
ഓരോ ജില്ലയിലും എം-പാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം വളരെ കുറവാണെന്നത് നേരത്തെ തന്നെയുള്ള പരാതിയാണ്. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം 500 രൂപ പ്രീമിയമായി വാങ്ങുന്ന ഇൻഷുറൻസ് പദ്ധതിയിലാണ് ഈ ഗതികേട്. മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്ന സാഹചര്യത്തിൽ പ്രീമിയം 550 ആയി വർധിപ്പിക്കണമെന്ന് കമ്പനി ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇത് സർക്കാർ അംഗീകരിച്ചില്ല. 2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ് പദ്ധതിയിൽ ആദ്യ വർഷം 500 കോടി രൂപ ആശുപത്രികൾക്ക് കൈമാറേണ്ടി വരുമെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ കണക്കുകൂട്ടൽ. എന്നാൽ ആദ്യവർഷം 697 കോടി രൂപയാണ് ക്ലെയിം നൽകേണ്ടി വന്നത്. പ്രതിമാസ പ്രീമിയമായ 500 രൂപയിൽ 400 രൂപയാണ് ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നത്. ശേഷിക്കുന്ന 100 രൂപയിൽ ജി.എസ്.ടിയായി 72 രൂപ രൂപ. ബാക്കി 28 രൂപ അവയവമാറ്റവും ഗുരുതര രോഗങ്ങൾക്കുമുള്ള കോർപസ് ഫണ്ടിലേക്കുമാണ് പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.