കൊച്ചി: ജീവൻരക്ഷാ ഒൗഷധങ്ങളടക്കം മരുന്നുകളുടെ വില ഉയർത്താൻ ഒൗഷധ നിർമാണ കമ്പനികൾ നീക്കം തുടങ്ങി. ജി.എസ്.ടിയുടെ വരവിനെത്തുടർന്ന് വില വർധിപ്പിച്ചതിനു പിന്നാലെ രൂപയുടെ മൂല്യത്തകർച്ച ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ പുതിയ നീക്കം. പുതുവർഷത്തോടെ മിക്ക മരുന്നുകളുടെയും വില ഗണ്യമായി വർധിപ്പിക്കാനാണ് ശ്രമം.
മരുന്ന് നിർമാണത്തിനുള്ള ഭൂരിഭാഗം അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് കൂടിയതിനാൽ വില കൂട്ടാൻ നിർബന്ധിതരാണെന്നാണ് കമ്പനികളുടെ നിലപാട്. ഇതുസംബന്ധിച്ച നിർദേശം മിക്ക കമ്പനികളും മരുന്ന് വ്യാപാരികൾക്ക് നൽകിക്കഴിഞ്ഞു.
ജനുവരിയോടെ മരുന്നുകൾക്ക് ചുരുങ്ങിയത് 15-20 ശതമാനം വരെ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ ദേശീയ മരുന്നുവില നിയന്ത്രണ സമിതി 850ഒാളം മരുന്ന് വില നിയന്ത്രണപ്പട്ടികയിൽപെടുത്തിയിട്ടുണ്ട്. വില വർധിപ്പിക്കാത്തതിനാൽ നിർമാണച്ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് പട്ടികയിലുള്ള പല മരുന്നുകളുടെയും ഉൽപാദനം കുറക്കാനും കമ്പനികൾ ആലോചിക്കുന്നുണ്ട്. വിപണിയിൽ മരുന്നുക്ഷാമത്തിന് ഇത് വഴിയൊരുക്കും. പട്ടികയിലുള്ള ടെറ്റനസ് ടോക്സോയിഡിെൻറ (ടി.ടി) ഉൽപാദനം കമ്പനികൾ ഇങ്ങനെ വൻതോതിൽ കുറച്ചിരിക്കുകയാണ്.
ചരക്കുസേവന നികുതി വന്നപ്പോൾ മരുന്ന് നികുതി ഒന്നര മുതൽ രണ്ടുശതമാനം വരെ കുറഞ്ഞ സാഹചര്യത്തിൽ വില ആറുമുതൽ 13 ശതമാനം വരെ കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, നൂറോളം മരുന്നുകൾക്ക് 10 ശതമാനം വരെ വില കൂട്ടുകയാണ് കമ്പനികൾ ചെയ്തത്. ജീവിത നിലവാര സൂചികക്കനുസരിച്ച് വില കൂട്ടാമെന്ന് വില നിയന്ത്രണ സമിതി മുന്നോട്ടുവെച്ച വ്യവസ്ഥ മറയാക്കിയായിരുന്നു കമ്പനികളുടെ നടപടി.
മരുന്ന് നിർമാണത്തിന് അസംസ്കൃത വസ്തുക്കൾ വാങ്ങുേമ്പാൾ നൽകുന്ന നികുതി ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി ലഭിക്കുന്നുണ്ടെങ്കിലും കമ്പനികൾ ഇതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാത്തതും വില കൂടാൻ കാരണമാണ്. പല മരുന്നുകൾക്കും ഇപ്പോൾതന്നെ അമിതവില ഇൗടാക്കുന്നതായി പരാതിയുണ്ട്. ഇതിനിടെയാണ്, വില വർധിപ്പിക്കാനുള്ള പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.