പാലക്കാട്: ആളിയാർ ജലപ്രശ്നത്തിൽ വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനം. ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ ആളിയാർ ഡാമിലേക്ക് വെള്ളം വിട്ടുനൽകാമെന്ന് തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്.
അത് എന്നുമുതൽ, എത്ര അളവിൽ എന്നിങ്ങനെയുള്ള കാര്യങ്ങളാകും വെള്ളിയാഴ്ച രാവിലെ 10ന് പൊള്ളാച്ചിയിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാവുക. കരാർ പ്രകാരം കേരളത്തിന് അർഹതയുള്ള മുഴുവൻ വെള്ളവും വിട്ടുതരണമെന്ന ആവശ്യം കേരളം ഉന്നയിക്കും. എന്നാൽ, എത്ര ജലം തരാൻ തയാറാകുമെന്ന കാര്യം കണ്ടറിയണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നില്ല. ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ വെള്ളം തരാമെന്ന കാര്യം തമിഴ്നാട് അറിയിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച ചിറ്റൂർ താലൂക്കിൽ ആഹ്വാനം ചെയ്ത ഹർത്താലിൽനിന്ന് ജനപ്രതിനിധികൾ ഉൾെപ്പടെയുള്ള സമരക്കാർ പിറകോട്ടു പോയത്.
പാലക്കാട് ജില്ലയിലെ രണ്ടാംവിള ആളിയാർ വെള്ളത്തെ ആശ്രയിച്ചാണെന്നിരിക്കെ പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് കരാർ പ്രകാരമുള്ള വെള്ളം വിട്ടുതന്നില്ലെങ്കിൽ കർഷകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധങ്ങളുണ്ടാകും. ഇത് മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയതും വെള്ളം തരാമെന്ന് തമിഴ്നാട് അറിയിച്ചതും. ആളിയാർ കരാർ പ്രകാരം ലഭിക്കേണ്ട ജലത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ശിരുവാണിയിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള ശുദ്ധജല വിതരണത്തിൽ കേരളത്തിെൻറ ഉദാരനിലപാടും ചീഫ് സെക്രട്ടറിതല യോഗത്തിൽ കേരളം തമിഴ്നാടിനെ ബോധിപ്പിച്ചിട്ടുണ്ട്. പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളം വിട്ടുകൊടുത്താൽ മാത്രെമ സംസ്ഥാനത്തിന് ആവശ്യമായ വെള്ളം ലഭിക്കുകയുള്ളൂ.
ആളിയാറിൽ ഇനി 1.4 ടി.എം.സി വെള്ളം മാത്രമാണുള്ളത്. പറമ്പിക്കുളം ഡാമിൽ ഉപയോഗിക്കാവുന്ന തരത്തിൽ 5.5 ടി.എം.സിയും. എത്രയും വേഗം 1.6 ടി.എം.സി വെള്ളം തുറന്നുവിട്ട് ആളിയാറിലെ അളവ് മൂന്ന് ടി.എം.സിയാക്കണമെന്നാണ് കേരളത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.