മെൽഹി പ്രാർഥനയോടെ കാത്തിരുന്നു; ഒടുവിലറിഞ്ഞു, അമ്മേ എന്ന് വിളിക്കാൻ ഇനി ജോയി ഇല്ല

തിരുവനന്തപുരം: മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യം നിറഞ്ഞ തോട്ടിൽ മുങ്ങിപ്പോയ മകനെ കണ്ടെത്താൻ നാടു മുഴുവൻ തിരച്ചിൽ നടത്തുമ്പോൾ, സമീപത്തെ പള്ളിയിൽ പ്രാർഥനയിലായിരുന്നു ആ ആമ്മ. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ  മകന്റെ ജീർണിച്ച ശരീരം കണ്ടെത്തുമ്പോഴും അമ്മ പ്രാർഥന തുടർന്നു. അതിനിടയിൽ ഭക്ഷണം പോലും കഴിച്ചില്ല, ഒരുപോള കണ്ണടച്ചില്ല.

മെൽഹിയുടെ ഏക ആശ്രയമാണ് ആ മാലിന്യത്തോടിൽ ഒഴുകിപ്പോയത്. ജോയിയെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മെൽഹി മണിക്കൂറുകൾ തള്ളിനീക്കിയത്. മകൻ ഇനി ജീവനോടെ തിരിച്ചുവരില്ലെന്ന വിവരം ആ അമ്മയെ അറിയിക്കാനാകാതെ ആളുകളുടെ നെഞ്ച് നീറിപ്പിടഞ്ഞു.

ശനിയാഴ്ച രാവിലെ ആറുമണിക്കാണ് വൈകീട്ട് കാണാമെന്നും പറഞ്ഞ് ജോയി ജോലിക്കിറങ്ങിയത്. മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ കൂരയിൽ മകൻ മടങ്ങിവരുന്നതും കാത്ത് മെൽഹിയിരുന്നു. പറഞ്ഞ സമയത്ത് ജോയി വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ ആശങ്കയായി. അപകട വിവരം അറിഞ്ഞപ്പോഴും രക്ഷപ്പെടുമെന്ന വിശ്വാസമായിരുന്നു.

1500 രൂപ കിട്ടുമെന്നതാണ് മനുഷ്യ വിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിലിറങ്ങി മാലിന്യം വാരാൻ മാരായമുട്ടം സ്വദേശി ജോയിയെ ​പ്രേരിപ്പിച്ചത്. ജീവിക്കാനായി ജോയി പല ജോലികളും ചെയ്തു. ആദ്യം മണൽവാരലായിരുന്നു. സർക്കാർ മണൽ വാരൽ നിരോധിച്ചതോടെ ആക്രി പെറുക്കാൻ പോയി. ആക്രി പെറുക്കി വലിയ വരുമാനമൊന്നും കിട്ടാതെ വന്നപ്പോഴാണ് സുഹൃത്ത് വഴി റെയിൽവേ സ്റ്റേഷനിൽ മാലിന്യം നീക്കാൻ എത്തിയത്. അമ്മയോടൊപ്പം വീടെന്നു പോലും പറയാൻ കഴിയാത്ത ഒറ്റമുറി കൂരയിലായിരുന്നു​ ജോയി താമസിച്ചിരുന്നത്. എന്നെങ്കിലുമൊരിക്കൽ നമുക്കും അടച്ചുറപ്പുള്ള വീട് നിർമിക്കാൻ സാധിക്കുമെന്ന് ജോയി അമ്മ മെൽഹിയോട് പറയുമായിരുന്നു. 10 വർഷംമുമ്പാണ് ജോയിയുടെ പിതാവ് നേശമണി മരിച്ചത്. അന്നുമുതൽ അമ്മയും മകനും മാത്രമാണ്. വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടേക്കുള്ള വഴിയും സഞ്ചാരയോഗ്യമല്ല. സഹോദരങ്ങൾ മറ്റിടങ്ങളിൽ താമസിക്കുന്നു. ജോയിയുടെ സഹോദര ഭാര്യ അർബുദം ബാധിച്ച് മരിച്ചിട്ട് ഒരുമാസമായിട്ടേ ഉള്ളൂ. ആ വീട്ടിൽ മകൻ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് മെൽഹി.

എത്ര വയ്യെങ്കിലും ജോലിക്കു പോകുന്ന ആളായിരുന്നു ജോയി. എന്തു ജോലിയും ചെയ്യും. രാവിലെ ആറു മണിക്ക് ജോലിക്കിറങ്ങിയാൽ വൈകീട്ട് അഞ്ചാകുമ്പോൾ തിരിച്ചെത്തും. ഒരിക്കലും ​വീട്ടിൽ വെറുതെ ഇരിക്കില്ല. എന്തു ജോലിക്ക് വിളിച്ചാലും പോകും.​

Tags:    
News Summary - Melhi rcalls son joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.