കോഴിക്കോട്: മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ്ജ് എം.തോമസിന്റെ ലൗ ജിഹാദ് സംബന്ധിച്ച പരാമർശം തള്ളി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കോടഞ്ചേരിയിലെ മിശ്രവിവാഹം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വാദം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടുന്നതും ശരിയല്ല. ലൗജിഹാദ് പരാമർശത്തിൽ കൂടുതൽ വിശദീകരണം നൽകേണ്ടത് ജോർജ്ജ് എം.തോമസാണ്. ആദ്യഘട്ടത്തിൽ ഷെജിനുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും ലിന്റോ ജോസഫ് പറഞ്ഞു.
ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷെജിന്റെ പ്രണയ വിവാഹം രണ്ട് സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാനോ ശത്രുത വളർത്താനോ ഇടവരുത്തുന്ന നടപടിയാണെന്നായിരുന്നു ജോർജ് എം. തോമസിന്റെ പ്രസ്താവന. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ. പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഒാടിപോകുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരുമെന്നും ജോർജ് എം. തോമസ് പറഞ്ഞിരുന്നു. ലൗജിഹാദ് ഉണ്ട് എന്നും വിദ്യാസമ്പന്നരായ യുവതികൾ അതിനെതിരെ ജാഗ്രത പുലർത്തണമെന്നും സി.പി.എം പാർട്ടി രേഖകളിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രണയത്തിലായിരുന്ന കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനെയും ജോയ്സ്നയെയും കാണാതാവുകയും സംഭവത്തിൽ ലൗജിഹാദടക്കം ആരോപിച്ച് ചിലർ രംഗത്തുവരികയും ചെയ്തിരുന്നു. മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള ഷിജിനും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ജോയ്സനയും തമ്മിലുള്ള ബന്ധത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് സി.പി.എം അടുത്ത ദിവസം വിശദീകരണം യോഗം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോർജ് എം. തോമസിന്റെ തുറന്നു പറച്ചിൽ. അതേസമയം, ജോർജ്ജ് എം.തോമസിന്റെ പ്രസ്താവന തള്ളി ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.