കോഴിക്കോട്: പ്രഫ. കെ.എ സിദ്ദീഖ് ഹസൻ നേതാക്കളുടെയും സാധാരണക്കാരുടെയും ഹൃദയത്തിൽ ഇടം പിടിച്ച നേതാവായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അമീർ എം.ഐ അബ്ദുൽ അസീസ് ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫ.കെ. എ സിദ്ദീഖ് ഹസനെ അനുസ്മരിച്ചത്.
ബഹുമാന്യനായ സിദ്ദീഖ് ഹസൻ സാഹിബ് അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്തിന് വിധേയമായി അല്ലാഹുവിലേക്ക് യാത്രയായി
انا لله وانا اليه راجعون
ഏറെ പ്രയാസത്തോടെയാണ് ആ വാർത്ത അറിയാനായത്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതൃത്വവും ആവേശവുമാണ് വിട പറഞ്ഞിരിക്കുന്നത്.
അല്ലാഹു അദ്ദേഹത്തെ ജന്നാതുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ . امين
ഒന്നര പതിറ്റാണ്ട് കാലം കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് പ്രോജ്വലമായ നേതൃത്വം നൽകി. ഒരു ദശാബ്ദത്തിനടുത്ത് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു.
പ്രസ്ഥാനത്തിനപ്പുറത്തും വിവിധ തുറകളിലുള്ള നേതാക്കളുടെയും സാധാരണക്കാരുടെയും ഹൃദയത്തിൽ ഇടം പിടിച്ച നേതാവ്, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായുള്ള സജീവ ബന്ധം, മനുഷ്യ സ്നേഹത്തിന്റെ ഉജ്വല മാതൃക, അവിരാമവും വിശ്രമ രഹിതവുമായ കർമോൽസുകത കൊണ്ട് ആരേയും വിസ്മയിപ്പിച്ച പ്രതിഭാശാലി, പ്രതിക്ഷാപൂർവം ഭാവിയിലേക്ക് ഉറ്റുനോക്കിയ നേതാവ് , ധൈര്യവും സ്ഥൈര്യവും ദീർഘ വീക്ഷണവും സാഹസികതയും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വം.... അങ്ങനെ സിദ്ദീഖ് ഹസൻ സാഹിബിനെ വിശേഷിപ്പിക്കാൻ ഒരുപാടുണ്ട്.
കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് ചുവടു വെച്ചതും പ്രയാണമാരംഭിച്ചതും സിദ്ദീഖ് ഹസൻ സാഹിബിന്റെ നേതൃത്വത്തിലായിരുന്നു. ഉത്തരേന്ത്യയിലെ പതിതരായ ജനങ്ങളെ സമുദ്ധരിക്കാനുള്ള ബൃഹത് പദ്ധതിയും അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ നിന്നാണ് ഉയർന്നുവന്നത്.
അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കേരളത്തിലെയും ഇന്ത്യയിലെ തന്നെയും മികച്ച ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
മരണവാർത്ത കേൾക്കുമ്പോൾ ധാരാളം കാര്യങ്ങൾ മനസ്സിലേക്ക് തള്ളിക്കയറുന്നുണ്ട്. അത് പിന്നീടൊരിക്കലാവാം.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ .
അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് പ്രപഞ്ചനാഥൻ നികത്തുമാറാകട്ടെ .
വിയോഗം പ്രയാസപ്പെടുത്തുന്ന കുടുംബത്തിന് രാജ്യത്തുടനീളമുള്ള , മറുനാട്ടിലുള്ള ആയിരങ്ങൾക്ക് അല്ലാഹു ആശ്വാസവും സമാധാനവും നൽകുമാറാകട്ടെ. അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ.
പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ ഇന്ന് ഉച്ചക്കാണ് അന്തരിച്ചത്. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മയ്യിത്ത് വൈകുന്നേരം നാല് മണിമുതൽ 10.30 വരെ വെള്ളിമാടുകുന്ന് ജെ.ഡി.ടിയിൽ (JDT) പൊതുദർശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.