കൊച്ചി: എസ്.എൻ.ഡി.പി മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് കേസുകളിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് നൽകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈകോടതി. നിലവിലെ വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹരജിയിലാണ് ഹൈകോടതി സർക്കാറിന് നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണ പുരോഗതി വ്യക്തമാക്കി ഇടക്കാല റിപ്പോർട്ടുകൾ നൽകണമെന്നും ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.
തുടർന്ന് ഹരജി സെപ്റ്റംബർ 30ന് വീണ്ടും പരിഗണിക്കാൻ മാറ്റി.മൈക്രോഫിനാൻസ് പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകിയിരുന്നു. മൈക്രോഫിനാൻസ് പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളിൽ ഒരു ഭാഗത്തിന്റെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ നൽകുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംസ്ഥാനത്താകെ നടന്നിട്ടുള്ളതിനാൽ ശേഷിച്ച ഇടപാടുകളുടെ അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.