തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിൽ നടന്ന പൊലീസ് റെയ്ഡിൽ കമ്പ്യൂട്ടറുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. തിരുവനന്തപുരം പട്ടം ഓഫിസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. 29 കമ്പ്യൂട്ടർ, ലാപ്ടോപ്, കാമറകൾ എന്നിവ കസ്റ്റഡിയിലെടുത്ത കൊച്ചി പൊലീസ് സ്ഥാപനത്തിൽ പ്രവേശിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകുകയും ചെയ്തു. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ ആയിരുന്നു നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായും പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് മറുനാടൻ മലയാളി ജീവനക്കാരായ രണ്ടുപേരുടെ വീടുകളിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തിയിരുന്നു. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളി ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
പി.വി ശ്രീനിജൻ എം.എൽ.എക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ്.സി–എസ്.ടി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിരുന്നു. ഇതോടെ ഒളിവിൽ പോയ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈകോടതി ഹരജി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഒളിവിൽ പോയ ഷാജൻ സ്കറിയക്കെതിരെ കൊച്ചി സിറ്റി പൊലീസ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഷാജൻ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് നോട്ടിസ് ഇറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.