'മന്ത്രിക്ക് പണം മുക്കാം, എഫ്​.ബി പോസ്റ്റ് മുക്കാനാവില്ല'; കെ.ടി. ജലീലിന്​ മറുപടിയുമായി ഫിറോസ്​

കോഴിക്കോട്​: 2018​ലെ ഹർത്താലിനിടെ താനൂരിൽ തകർക്കപ്പെട്ട കടകളുടെ പുനർനിർമാണത്തിനായി പിരിച്ച തുകയുമായി ബന്ധപ്പെട്ട്​ മന്ത്രി കെ.ടി. ജലീൽ പുറത്തുവിട്ട കണക്കുകളിൽ വ്യക്​തതയില്ലെന്ന ആരോപണവുമായി​​ യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസ്​. 'മന്ത്രി പറയുന്നത് കേവലം 1.25 ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാൽ, 2018 ഏപ്രിൽ 18ന് മന്ത്രിയുടെ ഫേസ്​ബുക്ക് പോസ്റ്റിൽ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനുട്ടിനുള്ളിൽ പിരിഞ്ഞുകിട്ടി എന്നാണ്. ബാക്കി പണമൊക്കെ ഇപ്പോൾ എവിടെ പോയി'​ -ഫിറോസ്​ ഫേസ്​ബുക്ക്​ പോസ്റ്റിൽ ചോദിച്ചു.

പി.കെ. ഫിറോസിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

മന്ത്രിക്ക് പണം മുക്കാം എഫ്ബി പോസ്റ്റ് മുക്കാനാവില്ല....

മന്ത്രി കെ.ടി. ജലീൽ വാട്സ്ആപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന്‍റെ കണക്ക് ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിനായുള്ള മന്ത്രിയുടെ മറുപടി കണ്ടു. അതിൽ മന്ത്രി പറയുന്നത് കേവലം ഒന്നേകാൽ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാൽ, 2018 ഏപ്രിൽ 18ന് മന്ത്രിയുടെ ഫേസ്​ബുക്ക് പോസ്റ്റിൽ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനുട്ടിനുള്ളിൽ പിരിഞ്ഞുകിട്ടി എന്നാണ് (സ്ക്രീൻഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു).
ബാക്കി പണമൊക്കെ ഇപ്പോൾ എവിടെ പോയി? മന്ത്രി എന്ന നിലക്ക് അവരെ ഒക്കെ വിളിച്ച് സെറ്റിൽ ചെയ്തതാണോ? അല്ലെങ്കിൽ അവർ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ?

ഏത് പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ശേഖരിച്ചതെന്ന ചോദ്യത്തിന് ഞാൻ പണമൊന്നും പിരിച്ചിട്ടില്ലെന്നും എം.എൽ.എ വി. അബ്ദുറഹ്മാന്‍റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നുമാണ് മന്ത്രി പറയുന്നത്.

ഒരു ഫണ്ട് ശേഖരണം എങ്ങിനെയാണ് എം.എൽ.എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ശേഖരിക്കുന്നത്? ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നല്ലേ മന്ത്രി തന്നെ മുമ്പ് പറഞ്ഞത്. താൻ കുഴിച്ച കുഴിയിൽ താൻ മാത്രമല്ല സഹപ്രവർത്തകനെയും വീഴ്ത്താനല്ലേ ഇതുകൊണ്ട് സാധിച്ചത്.

ബന്ധു നിയമനമുൾപ്പടെയുള്ള വിഷയങ്ങളിൽ അന്വേഷണമാവശ്യപ്പെട്ടപ്പോൾ തടസ്സം നിന്ന മന്ത്രി കെ.ടി. ജലീലിന്, ഒരു രൂപ പോലും മുക്കിയിട്ടില്ല എന്നുറപ്പുള്ള ഇക്കാര്യത്തിലെങ്കിലും ഒരു വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ?



 



Tags:    
News Summary - ‘Minister can drown money, FB post can’t drown’; pk firos replies to kt Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.