കൊച്ചി: ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനിടയിലും അനിശ്ചിതത്വമൊഴിയാതെ എൻ.സി.പിയിലെ മന്ത്രിമാറ്റം. വനം വകുപ്പിന്റെ ചുമതലയുളള പാർട്ടി മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി തോമസ്.കെ.തോമസ് എം.എൽ.എയെ മന്ത്രിയാക്കാനുളള നീക്കത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
മന്ത്രിയെ മാറ്റാനുളള അഖിലേന്ത്യ നേതൃത്വത്തിന്റെ നിർദ്ദേശം എൻ.സി.പി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെയും ഇടത് മുന്നണിയെയും ബുധനാഴ്ചക്കകം അറിയിക്കും.
കഴിഞ്ഞ ദിവസം മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത മന്ത്രി എ.കെ.ശശീന്ദ്രൻ, തന്നെ മാറ്റുന്നതിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് അറിയിച്ചു. തുടർന്ന് സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എം.എൽ.എ എന്നിവരോട് ഒരുമിച്ച് പോയി മുഖ്യമന്ത്രിയെ കാണാനാണ് നിർദേശിച്ചിരിക്കുന്നത്. തോമസ് കെ.തോമസ് എം.എൽ.എ രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രിയെ കണ്ടപ്പോൾ പാർട്ടി തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. അതേസമയം, മന്ത്രി സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം നൽകിയ കത്ത് മന്ത്രി തള്ളിയിരുന്നു.
മന്ത്രിസ്ഥാനം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനെ നേരിൽ കണ്ടപ്പോഴും പ്രതികരണം അനുകൂലമായിരുന്നില്ല. അതുകൊണ്ട് തന്നെ ശശീന്ദ്രന് മുഖ്യമന്ത്രിയടക്കമുളളവരുടെ പിന്തുണയുണ്ടെന്ന സംശയവും എൻ.സി.പി നേതൃത്വത്തിനുണ്ട്. അതേ സമയം മന്ത്രി സ്ഥാനത്തിന് പകരം പാർട്ടിയുടെ ഉന്നത പദവികൾ വാഗ്ദാനം ചെയ്തെങ്കിലും ശശീന്ദ്രൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചർച്ചയിൽ ശശീന്ദ്രനെതിരെ ദേശീയ നേതൃത്വം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
മന്ത്രി സ്ഥാനം നൽകാതിരുന്നിട്ടും പാർട്ടി മാറാനോ, രാജിവെക്കാനോ തയാറാകാതെ പാർട്ടിക്ക് കീഴ്പ്പെട്ട് പ്രവർത്തിച്ച തോമസ്.കെ.തോമസിന്റെ നടപടി എടുത്ത് പറഞ്ഞായിരുന്നു വിമർശനം. അതേസമയം മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ വിസമ്മതിക്കുന്ന പക്ഷം എ.കെ.ശശീന്ദ്രനെ പൂർണമായും അവഗണിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതോടൊപ്പം വകുപ്പുമായി ബന്ധപ്പെട്ടും, അല്ലാതെയും പാർട്ടി നേതൃത്വത്തിന് ലഭിച്ച നിരവധി പരാതികൾ പരസ്യചർച്ചക്ക് വിധേയമാക്കാനും ഒരു വിഭാഗം നീക്കമാരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പുറത്ത് വരുന്നത് സംസ്ഥാനഭരണത്തിന് തന്നെ തലവേദന സൃഷ്ടിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.