തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ ഡൽഹിയിൽ പോയ തനിക്ക് മോശം അനുഭവമുണ്ടായെന്ന് മന്ത്രി ഗണേഷ് കുമാർ. കേരളത്തിന്റെ ആവശ്യം ഒന്നു കേൾക്കാൻ പോലും മന്ത്രിക്ക് സമയമില്ലെന്നും ഒന്നും തരില്ലയെന്ന സമീപനമാണ് കേന്ദ്രത്തിനെന്നും മന്ത്രി ഗണേഷ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഗതാഗതമന്ത്രിക്കും ഉദ്യോഗസ്ഥർക്കും കാണാൻ സമയം വേണമെന്ന് എഴുതി കൊടുത്തതനുസരിച്ച് എത്തിയ തങ്ങളെ ഒന്നു കേൾക്കാൻ പോലുമുള്ള മര്യാദ കേന്ദ്രമന്ത്രി കാണിച്ചില്ല. വലിഞ്ഞുകയറി പോയതല്ല, ഇതുവളരെ മോശമാണ്. അതിൽ അതിയായ പ്രതിഷേധമുണ്ട്. ഉന്നയിച്ച ആറ് അവശ്യങ്ങളും അംഗീകരിച്ചില്ല. ഇരിക്കാൻ കസേര തന്നത് ഭാഗ്യമെന്നും ഇനി പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുക എന്നത് തന്നെയാണ് കേന്ദ്ര തീരുമാനം. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ ചോദിച്ചിട്ടും കേരളത്തിന് ഒന്നും കിട്ടുന്നില്ലെന്ന് മന്ത്രി ഗണേഷ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വർധിച്ച് വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.
സ്വകാര്യ ബസപകടത്തിൽ ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ആറു മാസം ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേറ്റാൽ മൂന്ന് മാസം വരെ പെർമിറ്റ് നഷ്ടപ്പെടും.
2025 മാർച്ചിന് മുൻപ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ ഫോൺ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. പെർമിറ്റ് എടുത്ത സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി സർവീസ് നടത്തണം. അല്ലാത്ത പക്ഷം പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതുപോലുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്ത് വേഗത നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ബസ് ബേ മാറ്റി സ്ഥാപിക്കും. സ്ഥലത്ത് സ്ഥിരം ഡിവൈഡർ സ്ഥാപിക്കും. അതിനായി ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.