തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാ ജനെ അറസ്റ്റുചെയ്യാത്തതിൽ കടുത്തരോഷം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. പ്രതിയെ അടിയന്തിരമാ യി അറസ്റ്റുചെയ്യണമെന്നും കേരള പൊലീസിന് അപമാനമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഫേസ് ബുക് ലൈവിൽ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മന്ത്രി.
പ്രതിയെ പിടികൂടാത്തത് വനിതാശ ിശുവികസന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്നനിലയിൽ തനിക്ക് അംഗീകരിക്കാനാവില്ല. അയാളെ ഒരുകാരണവശാലും വെറുതെവിടില്ല. ആ കുഞ്ഞ് അനുഭവിച്ച പ്രയാസങ്ങൾ ഇപ്പോഴും മനസ്സിൽനിന്ന് പോകുന്നില്ല. കുഞ്ഞിനെ ദ്രോഹിച്ചയാളെ അടിയന്തിരമായി അറസ്റ്റുചെയ്യണമെന്ന് സംഭവം അറിഞ്ഞയുടൻ ഡിവൈ.എസ്.പിയെ വിളിച്ചു പറഞ്ഞതാണ്. പിന്നീട് കൊറോണ തിരക്കിൽ മുഴുകിയതിനാൽ താൻ ആ കേസ് അത്ര ശ്രദ്ധിച്ചിരുന്നില്ല. അറസ്റ്റ് ചെയ്തുവെന്നാണ് കരുതിയിരുന്നത്. എന്നാൽ, പിന്നീടാണ് പ്രതി ഒളിവിൽപോയതായി പൊലീസ് പറഞ്ഞത്.
ഉടൻ ഡി.ജി.പിയെ വിളിച്ച് വളരെ പെട്ടെന്ന് അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരിക്കലും സഹിക്കാൻ വയ്യാത്ത തെറ്റാണയാൾ ചെയ്തത്. രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റുണ്ടാവുമെന്ന് ഡി.ജി.പി പറഞ്ഞു. ഇന്ന് ഡി.വൈ.എസ്.പിയെ വീണ്ടും വിളിച്ചു. ശക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെ രണ്ടുദിവസം, രണ്ടുദിവസം എന്നുപറഞ്ഞ് നീട്ടാൻ പറ്റില്ല. പ്രതി നാട്ടിലെവിടെയോ ഉണ്ടല്ലോ. കൊറോണ തിരക്കൊന്നും പറഞ്ഞ് പൊലീസിന് ഒഴിഞ്ഞുമാറാനാകില്ല. ഡിവൈ.എസ്.പി അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപ്പെട്ടു. ഈ കേസിൽ ആ പ്രതിയെ അറസ്റ്റു ചെയ്യുക എന്നത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് -മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മണ്ഡലത്തിലാണ് പീഡനം നടന്ന സ്ഥലം. ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കൂടിയായ പത്മരാജനാണ് കേസിലെ പ്രതി. പിതാവ് മരിച്ച കുട്ടിയെ, പുറത്തുപറഞ്ഞാൽ നിന്നേയും അമ്മയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. കുട്ടിയെ പ്രതി ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്. പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.
കഴിഞ്ഞ മാസം 16ന് തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ വീട്ടുകാർ നേരിട്ട് ചെന്ന് പരാതി കൊടുത്തിരുന്നു. എന്നാൽ, ഒരുമാസത്തോളമായിട്ടും ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. എന്നുമാത്രമല്ല, കുട്ടിയെ നിരവധി തവണ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായിാണ് നാട്ടുകാരുടെ ആരോപണം. മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, സി.പി.എം, എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികളുടെ ആഭിമുഖ്യത്തിൽ ഓൺലൈനായും മറ്റും വിവിധ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.