തിരുവനന്തപുരം: വിദേശ സർവകലാശാല എന്നത് സംസ്ഥാന സർക്കാർ നയമായി എടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഷയത്തിൽ ചർച്ചകൾ വേണമെന്നാണ് പറഞ്ഞത്. ചർച്ചകൾ പോലും പാടില്ല എന്ന് പറയുന്നത് ശരിയല്ല. സർക്കാരാണ് ചർച്ച മുന്നോട്ടു വെച്ചതെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് പാർട്ടി നിലപാടാണ്. സി.പി.എമ്മിന്‍റെ എല്ലാ നയങ്ങളും സർക്കാറിന് നടപ്പാക്കാൻ സാധിക്കില്ല. വിഷയം ചർച്ച ചെയ്ത് നടപ്പാക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളും ചർച്ചകളും വേണം. പൊതു മാനദണ്ഡങ്ങൾ നോക്കിയെ നടപ്പാക്കാൻ സാധിക്കൂവെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
നാൽപത് വർഷം മുമ്പ് ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ ഞങ്ങളുടെ അന്നത്തെ തലമുറ സമരം ചെയ്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികൾ തൊഴിലില്ലാതെ നിൽക്കുന്ന, കർഷക തൊഴിലാളികൾക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന്. ഇന്ന് കാലം മാറി. കേരളത്തിലെ കുടുംബങ്ങളിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്.
ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെ പരിഹാരമായാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
പുഷ്പനെ ഓർമയുണ്ടെന്നും ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും മന്ത്രി ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.