കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിന് കൈമാറി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസിൽ ഏൽപ്പിച്ചത്. പണം കൊടുക്കാത്തതിനെ തുടർന്ന് വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.
രാഹുലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. അമ്മയെയും മുത്തശ്ശിയെയും കൊല്ലും, വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. വീട്ടിൽ പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കി.
വീട്ടിനുള്ളിലും രാഹുൽ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ട്. പണം കൊടുക്കാത്തതിനെ തുടർന്ന് പലതവണ അക്രമാസക്തനായി. വിമുക്തി കേന്ദ്രത്തിൽ ഉൾപ്പെടെ മകനെ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്നും രാഹുലിന്‍റെ മാതാവ് മിനി പറഞ്ഞു. ലഹരി, പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ.
പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ ഒമ്പത് മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ മൂന്നു തവണ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിക്ക് കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.