തിരുവനന്തപുരം: മുസ്ലിം ലീഗ് വിട്ട തന്നെ രണ്ട് തവണ പി.കെ. കുഞ്ഞാലിക്കുട്ടി പാർട്ടിയിലേക്ക് തിരികെ വിളിച്ചതായി മന്ത്രി ഡോ.കെ.ടി. ജലീലിന്റെ വെളിപ്പെടുത്തൽ. ‘മാധ്യമം കുടുംബം’ മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ജലീൽ ഇക്കാര്യം പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് തോൽപ്പിച്ച ശേഷം ഇരുവരും ആദ്യമായി കാണുന്നത് ഒന്നര വർഷം കഴിഞ്ഞായിരുന്നു.
അന്ന് കോഴിക്കോട്ട് നടന്ന ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ ആയിരുന്നു ആദ്യം പാർട്ടിയിലേക്ക് തിരികെ വിളിച്ചതെന്ന് ജലീൽ പറയുന്നു. ചടങ്ങിൽ കുഞ്ഞാലിക്കുട്ടിയുടെ സീറ്റിനരികിൽ ഇരുന്ന തന്നോട് ഇങ്ങനെയൊക്കെ ആയാൽ മതിയോ, നമുക്ക് ഒരുമിച്ച് പോകേണ്ടേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. അദ്ദേഹം തന്നോട് എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ നിന്ന് കിട്ടുന്നതെന്നും ജലീൽ പറയുന്നു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെയാണ് വീണ്ടും താൻ ലീഗിൽ തിരികെ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതെന്നും ജലീൽ പറയുന്നു. നിയമസഭയ്ക്കകത്ത് ഇരിക്കുേമ്പാൾ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത് എന്തോ കാര്യം പറയാനായി ചെന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹ പ്രകടനമെന്നും ജലീൽ പറയുന്നു. സി.പി.എം തന്നെ അത്രമാത്രം വിശ്വസിച്ചുവെന്നും അതിന് വിരുദ്ധമായി ചെയ്താൽ പിന്നീട് മതേതര പാർട്ടികൾ പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമാകുമെന്നുമായിരുന്നു ജലീലിന്റെ മറുപടി.
അതുകൊണ്ട് വിശ്വാസ വഞ്ചന നടത്താൻ തനിക്ക് കഴിയില്ലെന്നും അത് മുസ്ലിം സമുദായത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് ആവശ്യമാണ്. ജലീൽ പറഞ്ഞത് ശരിയാെണന്നായിരുന്നു ഇത് കേട്ട കുഞ്ഞാലിക്കുട്ടിയുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ താൻ സമീപിച്ച കാര്യങ്ങൾ എല്ലാം ചെയ്തു തന്നുവെന്നും മറ്റുള്ളവരോട് ചെയ്തു തരാൻ നിർദേശിക്കുകയും ചെയ്തെന്നും ജലീൽ പറയുന്നു. മുസ്ലിം ലീഗിൽ നിന്ന് പുറത്തു പോകാനുള്ള സാഹചര്യവും അഭിമുഖത്തിൽ മന്ത്രി ജലീൽ വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ സൗഹൃദങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെക്കുന്ന അഭിമുഖം ‘മാധ്യമം കുടുംബം’ മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ വായിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.