മന്ത്രി രാജേഷ് സ്പീക്കർ കളിക്കേണ്ടെന്ന് വി.ഡി. സതീശൻ, ഇനിയും വിരൽ ചൂണ്ടി വിമർശിക്കും; നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തിരുവനന്തപുരം: ചെറുപ്പക്കാരുടെ കുടിയേറ്റ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമർശനത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷ നേതാവ് ധിക്കാരത്തോടെ വിരൽ ചൂണ്ടി സംസാരിച്ചെന്ന് ആർ. ബിന്ദു ആരോപിച്ചു.

മന്ത്രി ആർ. ബിന്ദുവിന്‍റെ ആരോപണം ഏറ്റുപിടിച്ചാണ് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്. പ്രതിപക്ഷ നേതാവിന് ധാർഷ്ട്യവും പുച്ഛവുമാണെന്ന് ആരോപിച്ച മന്ത്രി രാജേഷ്, തിരുത്തണമെന്ന് ആവശ്യപ്പെട്ടു. പ്രസംഗിക്കുമ്പോൾ ഇടപെടാൻ പാടില്ലെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വഴങ്ങാതെ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. ഈ സമ്മർദതന്ത്രം പലപ്പോഴും ചെയറിന് നേരെയും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, മന്ത്രിമാരായ എം.ബി. രാജേഷിനും ആർ. ബിന്ദുവിനും കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകിയത്. മന്ത്രി രാജേഷ് സ്പീക്കർ കളിക്കേണ്ടെന്നും പ്രതിപക്ഷത്തിന്‍റെ വായടിപ്പിക്കേണ്ടെന്നും വി.ഡി. സതീശൻ തിരിച്ചടിച്ചു. ഇനിയും വിരൽ ചൂണ്ടി വിമർശിക്കേണ്ടി വന്നാൽ വിമർശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ധാർഷ്ട്യവും പുച്ഛവും ആർക്കാണ് ചേരുന്നതെന്ന് എല്ലാവർക്കും അറിയാം. എനിക്ക് ചേരില്ല. ധാർഷ്ട്യവും പുച്ഛവും ആർക്കാണ് ചേരുന്നതെന്ന് നിങ്ങൾ തന്നെ ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്. ആ ചാപ്പ തന്‍റെ മേൽ കുത്തേണ്ട, അത് അവിടെ തന്നെ ഇരുന്നോട്ടെ. അവിടെ കുത്തിയ ചാപ്പ രക്ഷാപ്രവർത്തനം നടത്താൻ എന്‍റടുത്ത് വേണ്ടെന്നും സതീശൻ പറഞ്ഞു.

പാർലമെന്‍ററികാര്യ മന്ത്രിയല്ല സ്പീക്കർ. അദ്ദേഹം മുൻ സ്പീക്കറാണ്. അദ്ദേഹം കുറച്ചു ദിവസമായി സ്പീക്കറാകാൻ ശ്രമിക്കുകയാണ്. പാർലമെന്‍ററികാര്യ മന്ത്രി സ്പീക്കറായി പ്രതിപക്ഷ നേതാവിനെ തിരുത്താൻ വരേണ്ട. എക്സൈസ് വകുപ്പിനെ വിമർശിച്ച ശേഷം മന്ത്രി രാജേഷ് വ്യക്തിപരമായി റ്റാർജറ്റ് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ സഭയിൽ ആരോപിച്ചു.

വിഷയത്തിൽ ഇടപെട്ട സ്പീക്കർ എൻ. ഷംസീർ ഭരണപക്ഷത്തിനും തിരുത്തലാവാമെന്ന് വ്യക്തമാക്കി. ആരോഗ്യകരമായ സമീപനം എല്ലാവർക്കും വേണം. സഭയുടെ അന്തസ് ഉയർത്തുന്ന തരത്തിലാണ് ഇരുവിഭാഗങ്ങളും സമീപനം സ്വീകരിക്കേണ്ടതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ചെറുപ്പാക്കാരുടെ വിദേശത്തേക്കുള്ള കുടിയേറ്റമാണ് മാത്യു കുഴൽനാടൻ അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുന്നത്. കേരളത്തിൽ നിന്ന് ഒരു തലമുറ മുഴുവൻ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്നമാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി കുഴൽനാടൻ പറഞ്ഞു. ഏത് രാജ്യവും കേരളത്തേക്കാൾ മെച്ചമെന്ന് ചെറുപ്പക്കാർ കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ചെറുപ്പക്കാരെ കൂടെ നിർത്താൻ കഴിയുന്ന ഒരു അന്തരീക്ഷ സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് നമ്മൾ നേടാൻ പോകുന്നതെന്നും കുഴൽനാടൻ ചോദിച്ചു. 'ലോകം മുഴുവൻ നീ നേടിയാലും നിന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം' എന്ന് ബൈബിളിൽ ഒരു വാചകമുണ്ട്. വാർധക്യത്തിൽ മക്കളുടെ സാന്നിധ്യമില്ലാത്ത മാതാപിതാക്കൾക്കേ അതിന്‍റെ വിഷമം മനസിലാകൂ.

വേണമെങ്കിൽ എല്ലാം ഭദ്രമാണെന്ന് നമുക്ക് പറയാൻ സാധിക്കും. വലിയ അപകടമാണ് സംസ്ഥാന അഭിമുഖീകരിക്കുന്നത്. ചെറുപ്പക്കാർ നാട്ടിൽ നിൽക്കാതെ പോയാൽ സംരംഭകത്വത്തിനും വിദഗ്ധ തൊഴിലിനും ബിസിനസിനും അളില്ലാതെ വൃദ്ധസദനമായി കേരളം മാറും. ഈ വിഷയം സഭ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

മാത്യു കുഴൽനാടന് മറുപടി പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കേരളത്തിലെ സ്റ്റാർട്ടപ്പ് സംവിധാനം ലോകത്തിലെ ആദ്യ അഞ്ചിൽ ഉൾപ്പെട്ടതാണെന്ന് വ്യക്തമാക്കി. കേരളത്തിലെ നഗരങ്ങൾ ജീവിത ഭദ്രതയുള്ളതായി ചെറുപ്പക്കാർ കാണുന്നുവെന്നും മന്ത്രി ആർ. ബിന്ദു ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Minister MB Rajesh should not play the speaker role -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.