അടിമാലി: സഹോദരൻ എം.എം. സനകെൻറ മരണത്തിൽ ദുരൂഹതയാരോപിച്ച് മന്ത്രി എം.എം. മണിക്ക് ലഭിച്ച ഊമക്കത്തിൽ അന്വേഷണം തുടങ്ങി. ബന്ധുക്കൾ വീണ്ടും പൊലീസിൽ ബന്ധപ്പെട്ടതോടെയാണ് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകിയത്. കുഞ്ചിത്തണ്ണി ഇരുപതേക്കർ മുണ്ടക്കൽ എം.എം. സനകൻ(56) ഒക്ടോബർ ഒമ്പതിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനം ഇടിച്ചാണ് സനകന് പരിക്കേറ്റതെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മരണം നടന്ന് മൂന്നുദിവസം കഴിഞ്ഞ് ഊമക്കത്ത് ലഭിച്ചിരുെന്നങ്കിലും കത്തിലെ വിവരങ്ങൾ ഇപ്പോഴാണ് പുറത്താകുന്നത്. മന്ത്രിക്ക് കിട്ടിയ കത്ത് അന്നുതന്നെ ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.
ഒമ്പതിന് പുലർച്ച കുത്തുപാറയിലെ റോഡുവക്കിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഒക്ടോബർ ഏഴിന് രാത്രി എട്ടിന് സനകനെ ഒരു വാഹനം ഇടിച്ചതായുമാണ് കത്തിൽ പറയുന്നത്. സമീപത്തെ കടയിൽ ഉണ്ടായിരുന്ന പത്തോളം പേർ ചേർന്ന് അതേ കാറിൽ കയറ്റി ആശുപത്രിയിലേക്ക് വിടുകയായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അപ്പോൾ അവിടെ കൂടിയവർക്ക് അറിയില്ലായിരുന്നു. മുരിക്കാശേരി സ്വദേശിയുടേതാണ് കത്തിൽ പറയുന്ന വാഹനമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ് അവശനിലയില്‍ സനകനെ കുത്തുപാറയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പ് അടിമാലി അമ്പലപ്പടിയിൽ െവച്ച് വാഹനം ഇടിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി അടിമാലി സി.ഐ പി.കെ. സാബുവും പറയുന്നു. തുടര്‍ന്ന് മുരിക്കാശേരിക്കാരനായ വാഹന ഉടമ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും സി.ഐ അറിയിച്ചു. ഇതിനുശേഷം സനകനെ കാണാതാവുകയായിരുന്നു. ഈ വാഹന ഉടമയില്‍നിന്നും ഡോക്ടറില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അതേസമയം, പൊലീസ് യഥാസമയം സനകനെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് മന്ത്രിയുടെ സഹോദരൻ എം.എം. ലംബോദരൻ പറഞ്ഞു. ഗുരുതര പരിക്കേറ്റയാളെ ഓട്ടോ വിളിച്ചാണ് അടിമാലി ആശുപത്രിയിലേക്ക് അയച്ചത്. പുലർച്ച ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടുമണിക്കൂർ ചികിത്സ നൽകിയില്ലെന്നും ലംബോദരൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ച വെള്ളത്തൂവൽ പൊലീസ് പിന്നീട് അന്വേഷിച്ചില്ലെന്നും വിമർശനമുണ്ട്. യഥാസമയം ചികിത്സ കിട്ടാതിരുന്നതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.