തിരുവനന്തപുരം: മുനമ്പത്തേത് മുസ്ലിം-ക്രിസ്ത്യൻ സമരമല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ജീവൻ പ്രശ്നത്തിന് പരിഹാരം തേടിയുള്ള സമരമാണെന്നും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് ചിലർ നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം എന്നതിനപ്പുറം ‘മുസ്ലിം’, ‘വഖഫ്’ എന്നീ വിഷയങ്ങളിലേക്ക് മുദ്രാവാക്യം വ്യാപിപ്പിക്കുന്നത് ഛിദ്രത ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ശക്തിപകരുകയാണ് ചെയ്യുകയെന്ന് തമ്പാൻ തോമസ് പറഞ്ഞു. സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ ‘മുനമ്പം പ്രശ്നവും വർഗീയവത്കരണവും’ വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പത്തിന്റെ പേരിൽ മുസ്ലിം-ക്രിസ്ത്യൻ വിഭജനമുണ്ടാക്കാൻ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന അപകടകരമായ പ്രതിസന്ധിയായി ഇത് മാറുമെന്ന് മനസ്സിലാക്കണം. സെലക്ട് കമ്മിറ്റിക്ക് മുമ്പിലുള്ള ബില്ലിൽ വാദങ്ങൾ ബലപ്പെടുത്താൻ പല അജണ്ടകളുമുണ്ടാകുമെന്നും അതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സൗഹാർദത്തിനും സമാധാനത്തിനും വിഘ്നം തട്ടാതെയും കുടിയാന്മാർക്ക് പ്രയാസം സൃഷ്ടിക്കാതെയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി പറഞ്ഞു. മതസൗഹാർദത്തെ മാത്രമല്ല, പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നം കൂടിയാണ് മുനമ്പത്തേത്. ഇതിന്റെ പേരിൽ ധ്രുവീകരണം അനുവദിക്കാനാവില്ല. അതേസമയം വഖഫിനെ ഭീകരമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്. വഖഫിനെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തവരാണ് ഇത്തരം വിഷയങ്ങൾ മറയാക്കി വഖഫ് ഭേദഗതിക്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി.പി. ജോൺ, ജോർജ് ജോസഫ്, ടോമി മാത്യു, കെ.എസ്. സജിത്ത് എന്നിവർ സംസാരിച്ചു.
സമരത്തെ വഴിതെറ്റിക്കാൻ അനുവദിക്കരുത് -ഫാദർ യൂജിൻ പേരേര
തിരുവനന്തപുരം: മുനമ്പം സമരത്തെ വഴിതെറ്റിച്ച് കൊണ്ടുപോകാൻ ആരെയും അനുവനുവദിക്കരുതെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാദർ യൂജിൻ പേരേര. മുനമ്പത്തേത് ദുർഘടമായ പ്രതിസന്ധിയാക്കി, പാവപ്പെട്ട ആളുകളുടെ പ്രശ്നം പരിഹരിക്കാനാകാത്ത രീതിയിലേക്ക് മാറ്റരുത്. നിയമഭേദഗതിയുമായി ബന്ധപ്പെടുത്തി പോയാൽ പാവപ്പെട്ട ആളുകളുടെ കഞ്ഞിയിൽ പാറ്റ ഇടുന്നതിന് സമാനമായ സാഹചര്യമാണുണ്ടാക്കുക. എല്ലാവരും ഒരുമിച്ചിരുന്ന് നിയമപരമായി പരിശോധിച്ച് വിഷയത്തിൽ പരിഹാരം കാണണം. വഴിവിട്ട ചർച്ചകളിലേക്ക് പോകാതെ ആരോഗ്യകരമായ ചർച്ചകളിലൂടെ ഫലപ്രദമായ പരിഹാരത്തിലേക്കെത്തണം. വിദഗ്ധ സമിതി ചേരുകയും സർവകക്ഷിയോഗം വിളിക്കുകയും വേണം. പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞദിവസം വരാപ്പുഴയിലെത്തി ചർച്ച നടത്തിയിരുന്നു. വലിയ മനസ്സിന്റെ പ്രകടനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.