തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. എന്നാൽ, പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രേഖകളില്ലാതെയും പരിധി മറികടന്നും 246 പേരാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്തത്. 2014 മുതൽ 2020 വരെയുള്ളതിലെ ക്രമക്കേടാണ് പുറത്ത് വന്നിരിക്കുന്നത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് ക്രമക്കേട് സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പൊലീസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ബാങ്കിൽ വിദേശത്തുനിന്നുൾപ്പെടെ പണമെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നടപടി. സഹകരണ വകുപ്പ് പരിശോധനയിൽ 100 കോടിയുടെ വായ്പ ക്രമക്കേടടക്കം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ഇ.ഡിയുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.