കൽപറ്റ: വയനാട്ടിൽ നിന്നെത്തിയ സി.പി.എം നേതാക്കളുടെയും പ്രവർത്തകരുടേയും അയൽക്കാരുടെയുമടക്കം സാന്നിധ്യത്തിലാണ് മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു കേരളത്തിന്റെ പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വയനാട്ടിൽ നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സി.പി.എം ജനപ്രതിനിധിയായ കേളു പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.എം മന്ത്രിയുമാണ്. മന്ത്രിയായ ശേഷം ആദ്യമായി അദ്ദേഹം ജൂൺ 28ന് കൽപറ്റയിൽ എത്തും. നിയമസഭ സമ്മേളനത്തിനുശേഷമായിരിക്കും ഇത്.
മന്ത്രിയുടെ പിതാവ് ഓലഞ്ചേരി രാമന്, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്. രവി (അച്ചപ്പന്‍), ഒ.ആര്. ലീല, ഒ.ആര്. ചന്ദ്രന്, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.വി. സഹദേവൻ, കെ. റഫീഖ് എന്നിവരും പങ്കെടുത്തു. മന്ത്രി കേളുവിന് സി.പി.എം ജില്ല കമ്മിറ്റിയുടെ സ്നേഹാദരം സെക്രട്ടറി പി. ഗഗാറിൻ കൈമാറി.
ജൂൺ 28ന് ജില്ലയിൽഎത്തുന്ന മന്ത്രിക്ക് വൻ സ്വീകരണം നൽകും. ജില്ല അതിർത്തിയായ ലക്കിടിയിൽനിന്ന് അദ്ദേഹത്തെ പാർട്ടി നേതാക്കളും അണികളും വരവേൽക്കും. വൈകീട്ട് മൂന്നിന് കൽപറ്റ നഗരത്തിൽ സ്വീകരണസമ്മേളനം നടക്കും.
വയനാടിന്റെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ജില്ലയിലെ വന്യജീവി പ്രശ്നം പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ മുമ്പുതന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ വകുപ്പുമായി ബന്ധപ്പെട്ട് ക്ഷേമപദ്ധതികൾ നടപ്പാക്കും.
വയനാട് മെഡിക്കൽ കോളജിന് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ആദിവാസികളുടെ ദുരിതജീവിതം, ഭൂമിപ്രശ്നം, വന്യജീവികളുടെ ആക്രമണം, മുത്തങ്ങയിലെ രാത്രി യാത്ര നിരോധനം, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി പ്രയോഗിക നടപടികൾ സ്വീകരിക്കുമോ എന്നാണ് വയനാടൻജനത ഉറ്റുനോക്കുന്നത്.
കൽപറ്റ: സംസ്ഥാനത്തെ ദലിത്-ആദിവാസി ഭൂപ്രശ്നമടക്കമുള്ള നീറുന്ന വിഷയങ്ങളിൽ ആദിവാസി മേഖലയിൽനിന്നുള്ള വ്യക്തി എന്ന നിലയിൽ മന്ത്രി ഒ.ആർ. കേളു എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ജില്ല കമ്മിറ്റി. അന്യാധീനപ്പെട്ട മുഴുവൻ ആദിവാസി ഭൂമിയും വീണ്ടെടുക്കുക, പട്ടയം നൽകപ്പെട്ട മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അളന്നുകൊടുക്കുക തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലും പ്രായോഗികമായ നടപടിയുമാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ അവിവാഹിതരായ അമ്മമാർ ഉള്ളതും ഏറ്റവും കൂടുതൽ ഭൂരഹിത ആദിവാസി കുടുംബങ്ങളുമുള്ള പഞ്ചായത്താണ് തിരുനെല്ലി. ഈ പഞ്ചായത്തിന്റെ പ്രസിഡന്റായി 10 വർഷക്കാലം പ്രവർത്തിച്ച വ്യക്തിയാണ് ഒ.ആർ. കേളു. ഇത്തരമൊരാൾ ആദിവാസി-ദലിത് ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട വകുപ്പിന്റെ മന്ത്രിയാവുമ്പോഴുള്ള ഉത്തരവാദിത്വം ഏറെ വലുതാണ്. ജില്ല സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് അധ്യക്ഷത വഹിച്ചു. ബിജി ലാലിച്ചൻ, പി.ടി.പ്രേമാനന്ദ്, എം.കെ ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ, കെ. പ്രേംനാഥ്, എം.കെ.ബിജു തുടങ്ങിയവർ സംസാരിച്ചു.
പുൽപള്ളി: മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബാലസംഘത്തിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായി ആഘോഷിച്ചു.
ബാലസംഘം പുൽപള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആയിരുന്നു കുട്ടികൾക്ക് ബുക്ക്, കുട, മിഠായി എന്നിവ വിതരണം ചെയ്തു ആഘോഷിച്ചത്. ചേകാടി സ്കൂളിൽ നടന്ന പരിപാടി പുൽപള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു.
റിജീഷ് അധ്യക്ഷത വഹിച്ചു. വിനേഷ് കവിക്കൽ, പ്രേംജി വിലങ്ങാടി, അശോകൻ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി: സ്വന്തം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. മന്ത്രിയായതിന്റെ സന്തോഷം മാനന്തവാടിക്കാരും ആഘോഷമാക്കി. മാനന്തവാടി നഗരത്തിൽ പായസവിതരണവും പടക്കം പൊട്ടിക്കലും നടന്നു. ഒ.ആർ. കേളുവിന്റെ ഓലഞ്ചേരിയിലെ വീട്ടിൽ ആദിവാസി സ്ത്രീകൾ അടക്കമുള്ള നിരവധി അയൽവാസികളാണ് സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനിൽ കാണാനെത്തിയത്.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മധുരവിതരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.