സംരംഭകരാകാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയിലെ യുവതീ-യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വാക്കുകളെന്ന് മന്ത്രി പി. രാജീവ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് സംസാരിച്ചത്. കേരളം വ്യവസായ സൗഹൃദമായിക്കൊണ്ടിരിക്കുകയാണെന്നും അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നുമാണ് പ്രമുഖ വ്യവസായിയായ അദ്ദേഹം പറഞ്ഞത്. മന്ത്രി പി. രാജീവ് തന്റെ ഫേസ് ബുക്ക് പേജിലാണ് ചിറ്റിലപ്പിള്ളിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റിട്ടത്.
പോസ്റ്റിന്റെ പൂർണരൂപം
ശ്രീ.കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ സംരംഭകരാകാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയിലെ യുവതീ-യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കേരളം വ്യവസായ സൗഹൃദമായിക്കൊണ്ടിരിക്കുകയാണെന്നും അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നുമാണ് പ്രമുഖ വ്യവസായിയായ അദ്ദേഹം പറഞ്ഞത്.
എക്കാലവും കേരളത്തിലെ സർക്കാരുകളോട് വിമർശനാത്മക നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം ഈ സർക്കാരിൻ്റെ പുതിയ നയങ്ങളെയും ഇടപെടലുകളെയും പ്രശംസിക്കുകയാണ്. ഇന്നത്തെ ഇടതുപക്ഷ സർക്കാർ നിക്ഷേപസൗഹൃദ അന്തരീക്ഷമൊരുക്കുന്ന കാര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അവ എല്ലാവർക്കും കാണാൻ സാധിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. ഈ സർക്കാരിൻ്റെ ആദ്യകാലത്തുണ്ടായ കിറ്റക്സ് വിവാദം പോലും സർക്കാർ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും അത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തത് പ്രതീക്ഷയോടെയാണ് ചിറ്റിലപ്പിള്ളി കാണുന്നത്. വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും കാലഹരണപ്പെട്ടതുമായ നിയമങ്ങൾ റദ്ദ് ചെയ്യുകയും കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനാവശ്യമായ നിയമങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇത്തരം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളിൽ വ്യവസായം ചെയ്ത് പരിചയമുള്ളതിൽ വച്ച് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം ഒരു സന്ദേശമായി നൽകുന്നു.
എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം, രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം, ദക്ഷിണേന്ത്യയിലെ മികച്ച വ്യവസായ പാർക്കുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾക്കൊപ്പം ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവും സമീപകാലത്ത് കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ സാഹചര്യം ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ട്. ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാക്കുകൾ ഈ ചർച്ചകളിൽ കേരളത്തിനനുകൂലമായ മറ്റൊരു ശബ്ദമാണ്. അതോടൊപ്പം, ഇനിയും വരേണ്ട മാറ്റങ്ങളെ സംബന്ധിച്ച് എല്ലാ വിഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്ന ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. നമുക്ക് ഒന്നിച്ച് മുന്നേറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.