അലൻസിയറിൽ നിന്നുണ്ടായത് മനസിൽ അടിഞ്ഞു കൂടിയ പുരുഷാധിപത്യ ബോധത്തിന്‍റെ ബഹിസ്ഫുരണം -മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ആർ. ബിന്ദു. അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്ന് മന്ത്രി പ്രതികരിച്ചു. ഒരിക്കലും അത്തരം ഒരു വേദിയിൽ നടത്താൻ പാടില്ലാത്ത പരാമർശമാണതെന്നും ആർ. ബിന്ദു ചൂണ്ടിക്കാട്ടി.

'അത്തരമൊരു പ്രതികരണം നിർഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയിൽ വച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത്തരം മനസുകളിൽ അടിഞ്ഞു കൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാൻ സാധിക്കൂ' മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലാണ് നടന്‍ അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ പെൺരൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. സ്പെഷൽ ജൂറി പരാമർശത്തിന് സ്വർണം പൂശിയ പുരസ്കാരം നൽകണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലന്‍സിയര്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനോടായി ആവശ്യപ്പെട്ടു.

‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്കാരിക മന്ത്രിയുള്ളതു കൊണ്ട് പറയാം. സ്പെഷല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇതു പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം.

ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നായിരുന്നു അലന്‍സിയറുടെ പരാമർശം.

Tags:    
News Summary - Minister R Bindu React to Actor Alencier Hate Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.