തൃശൂർ: വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഈമാസം 15നകം യോഗം ചേര്‍ന്ന് പരസ്പരധാരണയോടെ മുന്നോട്ടുപോകും. സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നങ്ങൾ പരസ്പരം യഥാസമയം വിലയിരുത്താനാവും. വയനാട്ടിലെ സാഹചര്യം പരിശോധിക്കാൻ മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി സ്പെഷല്‍ സെല്‍ വരും. ജില്ലയില്‍ രണ്ട് ആര്‍.ആര്‍.ടികള്‍ കൂടി രൂപീകരിക്കും.
ജനങ്ങളുടേതു സ്വാഭാവിക പ്രതിഷേധമാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ട്. ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മോഴയാനയെ മയക്കുവെടിവെക്കും. ആന നിലവിൽ കേരള–കർണാടക അതിർത്തിയിലാണുള്ളത്. ആന കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവെക്കാനാകില്ല. കർണാടകയുടെ ചിപ്പിൽ നിന്നും സിഗൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും മന്ത്രി തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, വയനാട് മാനന്തവാടി പടമലയിൽ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആന വനമേഖലയിലേക്ക് പ്രവേശിച്ചതായാണ് വിവരം. അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ മാത്രമേ ആനയെ മയക്കുവെടി വെക്കൂ. കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ വനംവകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.