തിരുവനന്തപുരം: സാമുദായിക സംവരണത്തിനുപകരം സാമ്പത്തിക സംവരണമേർപ്പെടുത്തുന്നത് രാജ്യത്ത് വർഗീയതക്കുള്ള പരിഹാരമാർഗമായി പഠിപ്പിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകം. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളിൽ ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ സോഷ്യൽ വർക്ക് തെരഞ്ഞെടുത്ത് പഠിക്കുന്നവർക്കുള്ള പുസ്തകത്തിലാണ് വർഗീയതക്കുള്ള പരിഹാരമായി ഭരണഘടനപരമായ സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന് പഠിപ്പിക്കുന്നത്.
വിവരം പുറത്തുവന്നതോടെ, എസ്.സി.ഇ.ആർ.ടി ഡയറക്ടറിൽനിന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. 2016ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകത്തിലാണ് പരാമർശമെന്നും 2019ൽ ഇത് മലയാളത്തിൽ വിവർത്തനം ചെയ്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും ഡയറക്ടർ റിപ്പോർട്ട് നൽകി. വിവാദ ഭാഗങ്ങൾ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും പുതിയ പുസ്തകങ്ങളിൽനിന്ന് ഇവ എഡിറ്റ് ചെയ്ത് നീക്കാവുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ‘സമകാലീന സാമൂഹ്യ ആശങ്കകൾ’ എന്ന അധ്യായത്തിൽ വർഗീയതയെക്കുറിച്ച് പറയുന്നിടത്താണ് വിവാദ പരാമർശം. രാഷ്ട്രീയത്തിൽ നിന്ന് മതവിശ്വാസത്തെ മാറ്റിനിർത്തുകയെന്നതും വർഗീയത തടയാനുള്ള പരിഹാരമായി പുസ്തകത്തിൽ പറയുന്നു. സാമുദായിക സംഘടനകൾ സാമൂഹിക, സാംസ്കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പാഠഭാഗത്തിലുണ്ട്. സാമുദായിക പാർട്ടികളുടെ വളർച്ച, സാമുദായിക സംഘടനകൾ എന്നിവ വർഗീയതക്കുള്ള കാരണമായും പറയുന്നു.
പ്രത്യേക പഥ്യാഹാര ശീലങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, മതപരമായ ഉത്സവങ്ങൾ തുടങ്ങിയവ വർഗീയതക്കുള്ള സാംസ്കാരിക കാരണങ്ങളാണ്. വ്യത്യസ്ത ദൈവ സങ്കൽപങ്ങൾ വർഗീയതക്കുള്ള മതപരമായ കാരണമാണ്.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടത്തിയ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി 2016ൽ ഇംഗ്ലീഷിൽ പുറത്തിറക്കിയ പാഠപുസ്തകത്തിന് 2019ൽ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മലയാള വിവർത്തനം തയാറാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. 2019ൽ വിവർത്തനം നടത്തിയപ്പോഴും സാമുദായിക സംവരണത്തിനും സാമുദായിക സംഘടനകൾക്കുമെതിരായ പരാമർശങ്ങൾ തിരുത്താതെ തുടർന്നു.
തിരുവനന്തപുരം: സാമുദായിക സംവരണത്തിനെതിരായ പാഠപുസ്തക ഭാഗങ്ങളിൽ സർക്കാറിന് യോജിപ്പില്ലെന്നും അടുത്ത അധ്യയന വർഷം തിരുത്തി പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 2014ൽ ഇറങ്ങിയ പുസ്തകത്തിലെ പിഴവ് ഇപ്പോഴാണ് ശ്രദ്ധയിൽ വന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.