ന്യൂനപക്ഷ സംരക്ഷണം പ്രീണനമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അവകാശം -മന്ത്രി അബ്ദുറഹിമാൻ

തിരുവനന്തപുരം: ന്യൂനപക്ഷ സംരക്ഷണം പ്രീണനമല്ല, ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണെന്ന് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി വി. അബ്ദുറഹിമാൻ. നിയമസഭയിൽ ധനകാര്യചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷണത്തെയും അവകാശത്തെയും കുറിച്ച് സംസാരിക്കുന്നത് പ്രീണനമാണെങ്കിൽ മഹാത്മാഗാന്ധിയെയും ആ ഗണത്തിൽപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷ ക്ഷേമപ്രവർത്തന ഫണ്ടിൽ ഗണ്യമായ വെട്ടിക്കുറവുണ്ടായിട്ടുണ്ട്. 2019-20 ലെ കേന്ദ്ര ബജറ്റിൽ 1742 കോടി വകയിരുത്തിയെങ്കിൽ 2023-24ലെ റിവേഴ്സ് എസ്റ്റിമേറ്റിൽ 610 കോടിയായി. പിന്നീട് 223 കോടി മാത്രമാണ് ഉണ്ടായത്.

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍റെ റിപ്പോർട്ടിലെ ശിപാർശകളിൽ അഭിപ്രായം സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപവത്​കരിച്ചിട്ടുണ്ട്. കമീഷൻ റിപ്പോർട്ട് പെട്ടെന്ന് നടപ്പാക്കും.

ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കൾക്കായി കോശി കമീഷന്‍റെ റിപ്പോർട്ട് പ്രകാരം 11 പരീക്ഷ പരിശീലന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മദ്​റസ അധ്യാപകർക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് അവാസ്തവ വർഗീയ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. മദ്​റസ അധ്യാപകർക്ക് സംസ്ഥാന സർക്കാർ 25,000 രൂപ ശമ്പളം നൽകുന്നെന്നാണ് പ്രചാരണം. ക്ഷേമനിധിയിൽനിന്നാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. സർക്കാർ ശമ്പളം കൊടുക്കുന്നില്ല.

പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 835 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 194 കേസുകൾ എഴുതിത്തള്ളുന്നത് കോടതിയുടെ പരിഗണനയിലാണ്. 84 കേസുകളിൽ സർക്കാർ നിരാക്ഷേപ പത്രം നൽകി. 259 കേസുകൾ കോടതി മുമ്പാകെ തീർപ്പാക്കി. സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 262 കേസുകൾ അവസാനിപ്പിച്ചു.

അന്വേഷണ ഘട്ടത്തിൽ ഒരു കേസുമാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. കണ്ണൂരിൽ 50 കേസുകളും കോഴിക്കോട് -57, മലപ്പുറം-എട്ട്, എറണാകുളം 58, തൃശൂർ 11, കോട്ടയം 42, കാസർകോട് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Minority protection is not appeasement, it is a right guaranteed by the constitution - Minister Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.