അലനല്ലൂര്‍ (പാലക്കാട്): ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ കെട്ടിടത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. സ്വയം കെട്ടിയിട്ടതാണെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. രണ്ടു പേർ സ്കൂളിന്‍റെ മൂന്നാം നിലയിൽ എത്തിച്ച് തന്‍റെ കൈകൾ ബന്ധിച്ചു എന്നായിരുന്നു പെൺകുട്ടി ആദ്യം പൊലീസിന് നൽകിയ മൊഴി. പിന്നീടാണ് കൈകൾ സ്വയം ബന്ധിച്ചതാണെന്ന് വ്യക്തമാക്കിയത്.
ഇന്നലെ രാത്രി ഏഴോടെയാണ് അലനല്ലൂര്‍ ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി സാധാരണ എത്തുന്ന സമയം കഴിഞ്ഞും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഈ സമയം ഇരുകൈകളും മുന്‍ഭാഗത്തേക്ക് ഷാള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച് പരിശോധിച്ച് വീട്ടിലേക്കയച്ചു.
യു.എസ്.എസ് പരീക്ഷ പരിശീലനത്തിന്റെ ഭാഗമായി സ്‌കൂള്‍ നടത്തിവരുന്ന പരീക്ഷയും കഴിഞ്ഞ് 4.40നാണ് കുട്ടി പരീക്ഷ ഹാളില്‍നിന്ന് ഇറങ്ങിയത്. സ്‌കൂളിലെ മറ്റൊരു കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടുകാരെ പേടിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടി പറഞ്ഞത്.
മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കാണാതായതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്‌കൂളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.