കോഴിക്കോട്: ചരിത്രം മുഴുവൻ വായിക്കാതെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വിവാദ പ്രസ്താവനകൾ നടത്തുന്നതെന്ന് മുസ്‍ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. സുധാകരനിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ പലരെയും പ്രകോപിപ്പിക്കുന്നതും ഫാഷിസ്റ്റ് ശക്തികൾക്ക് സന്തോഷം പകരുന്നതുമാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യത്തിൽ മുസ്‍ലിം ലീഗിന്റെ നിലപാട് പാർട്ടി നായകനായ പാണക്കാട് സാദിഖലി തങ്ങൾ പറയും. മുസ്‍ലിം ലീഗ് യോഗം 16ന് ചേരുന്നുണ്ട്. സംവരണമടക്കം വിഷയങ്ങളുടെ കൂട്ടത്തിൽ ഇക്കാര്യവും ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ഏറ്റവും വലിയ മതേതരവാദിയായിരുന്നു. ഫാഷിസ്റ്റ് ഭരണം തുടരണമെന്നതിനാൽ നെഹ്റുവിന്റെ സ്മരണതന്നെ ഇല്ലാതാക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി വ്യക്തമാക്കിയത് ആർ.എസ്.എസ് ചിന്തയുള്ളവർ പുറത്തേക്കു പോകണമെന്നാണ്. ഇതാണ് വ്യക്തമായ നിലപാട്. നെഹ്റുവിന്റെ ആദ്യ വിജയംതന്നെ ഫാഷിസ്റ്റുകളെ നേരിട്ടായിരുന്നുവെന്നും മുനീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണറും സർക്കാറും തമ്മിൽ നാടകം കളിക്കുകയാണ്. നേരത്തേ ഇവർ ഭായി-ഭായിമാരായിരുന്നു. ചാൻസലർ പദവി മുഖ്യമന്ത്രിക്കു നൽകിയാൽ മാർക്സിസ്റ്റ് അനുകൂലികളും ഗവർണർക്ക് നൽകിയാൽ അദ്ദേഹത്തിന് താൽപര്യമുള്ളവരും വൈസ് ചാൻസലർമാരാകുമെന്നും അദ്ദേഹം പരിഹസിച്ചു.
കെ.എസ്.യു പ്രവർത്തകനായിരിക്കെ ആർ.എസ്.എസ് ശാഖയ്ക്ക് സി.പി.എമ്മുകാരിൽ നിന്ന് സംരക്ഷണം നൽകാൻ ആളെ അയച്ചതായി ഏതാനും ദിവസം മുമ്പ് കണ്ണൂരിൽ സി.എം.പി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞിരുന്നു. ഇതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് ഇന്ന് കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പോലും വർഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നും സുധാകരൻ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.