തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന്; ചാനലുകൾക്ക് എം.കെ. മുനീറിന്റെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് അപകീര്‍ത്തികരമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ വക്കീല്‍ നോട്ടീസ് അയച്ചു.

ന്യൂസ് 18, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്കാണ് നോട്ടീസ് അയച്ചത്. ആഗസ്റ്റ് 18ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ.എ.ടി.എഫ് നടത്തിയ സെമിനാറിലെ ഉദ്ഘാടനപ്രസംഗം ഒരു വിഭാഗം മാധ്യമങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തിയെന്നാണ് മുനീർ പറയുന്നത്. തന്റെ പ്രസംഗം പൂർണമായി സംപ്രേഷണം ചെയ്യണമെന്നും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള ദുരുദ്ദേശ്യപരമായ വാര്‍ത്താ പ്രക്ഷേപണം നടത്തിയതില്‍ പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം. മുഹമ്മദ് ഷാഫി മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.

തനിക്കുണ്ടായ മാനനഷ്ടത്തിന് പ്രായശ്ചിത്തമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ജെൻഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതവിരുദ്ധവും ധാർമിക വിരുദ്ധവും സമൂഹവിരുദ്ധവുമായ പ്രചാരണങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ നടത്തിയ പ്രസംഗത്തിലെ ചെറിയൊരു ഭാഗത്ത് പോക്സോ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ മാത്രമെടുത്ത് ഈ മൂന്നു ചാനലുകളും പ്രക്ഷേപണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Tags:    
News Summary - MK Muneer's lawyer notice to channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.