എം.എൽ.എയുടെ വെളിപ്പെടുത്തല്‍: അജിത് കുമാറിനെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണം-എസ്.ഡി.പി.ഐ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ഔദ്യോഗിക ഡ്യൂട്ടിക്കിടെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പി.വി. അന്‍വര്‍ എം.എല്‍എ. നടത്തിയ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമാണെന്നും അദ്ദേഹത്തെ ഉത്തരവാദിത്വങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ കടത്തില്‍ പോലും ബന്ധമുണ്ടെന്ന വിവരം ഞെട്ടലോടെയാണ് കേരളീയ സമൂഹം കേട്ടുകൊണ്ടിരിക്കുന്നത്.

അധോലോക നായകനെ പോലും വെല്ലുന്ന കൊടും കുറ്റവാളിയാണ് അജിത് കുമാര്‍ എന്ന ആരോപണം ഭരണകക്ഷി എം.എൽ.എ അടിസ്ഥാന രഹിതമായി ഉന്നയിക്കുമെന്ന് വിശ്വസിക്കാനാവില്ല. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തു കാട്ടാന്‍മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഗതികേട് കൊണ്ടാണ് താന്‍ ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വിടുന്നതെന്നും ഇതിന് കേരള ജനങ്ങളോട് മാപ്പ് പറയുന്നതായുമാണ് എം.എൽ.എ വെളിപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് പ്രമാദമായ പല കേസുകളിലും അജിത് കുമാറിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നിരുന്നെങ്കിലും ഭരണ കക്ഷിയിലെ സ്വാധീനം മൂലം എല്ലാം അതിജീവിക്കുകയായിരുന്നു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നതിനും സുരേഷ് ഗോപിയുടെ വിജയത്തിനും അനുകൂലസാഹചര്യമൊരുക്കാൻ തൃശൂർ പൂരം സംഘർഷഭരിതമാക്കാൻ എ.ഡി.ജി.പി ശ്രമിച്ചു എന്നത് ഏറെ ആശങ്കാജനകമാണ്.

ഇടതു സര്‍ക്കാരിന്റെ താലപ്പര്യത്തേക്കാള്‍ കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെയും സംഘപരിവാര സംഘടനകളുടെയും അജണ്ടകളാണ് പൊലീസ് നടപ്പാക്കുന്നതെന്ന ആക്ഷേപം ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ പോലും പലപ്പോഴും ഉന്നയിക്കുന്നുണ്ട്. പൊലീസ് സേനയിലെ സംഘപരിവാര ദാസ്യവേല ചെയ്യുന്നവരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും നിലക്ക് നിര്‍ത്താനും നിയന്ത്രിക്കാനും ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - MLA's disclosure: Ajit Kumar should be removed and a comprehensive inquiry should be conducted-SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.