പേരാമ്പ്ര: മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ മൂന്നാറിൽ കൈയേറ്റ ഭൂമിയില്ലെന്ന് മന്ത്രി എം.എം. മണി. കോഴിക്കോട് പേരാമ്പ്രയിൽ 33 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ള ഭൂമി ഇപ്പോൾ തൊഴിലാളികൾക്ക് കൂടി പ്രാതിനിധ്യമുള്ള കെ.ഡി.എച്ച് കമ്പനിയുടെ കൈവശമാണ്. വട്ടവട, മറയൂർ, കാന്തല്ലൂർ, പളളിവാസൽ, ചിന്നക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലുള്ള കൈയേറ്റമാണ് ഇപ്പോൾ മൂന്നാറിലെ കൈയേറ്റമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.
മൂന്നാറിൽ വർഷത്തിൽ ആറു മുതൽ ഏഴു ലക്ഷം വരെ വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവർക്ക് വേണ്ടി പണിത ലോഡ്ജ് ഭൂരിഭാഗവും പുറമെയുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണ്. മാധ്യമങ്ങൾ ഇവിടെയുള്ള പാവങ്ങളെ വെറുതെ വിടണം. അവർ എങ്ങനെയെങ്കിലും ജീവിച്ചുപോയ്ക്കോട്ടെ. എനിക്കവിടെ ഭൂമിയില്ല. ഞാൻ അവിടത്തെ പാവങ്ങൾക്ക് വേണ്ടിയാണ് നിങ്ങളോടഭ്യർഥിക്കുന്നത്- ^മണി കൂട്ടിച്ചേർത്തു. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ഭൂമിക്ക് പട്ടയമുണ്ടെന്നും അദ്ദേഹത്തിെൻറ അപ്പനപ്പൂപ്പന്മാർ വരെ അവിടെ താമസിക്കുന്നവരാണെന്നും മണി പറഞ്ഞു.
ദേവികുളം സബ് കലക്ടർക്കെതിരെ സമരം ചെയ്യാൻ മാത്രം വിഡ്ഢികളല്ല കർഷക സംഘം. സബ് കലക്ടർ ഞങ്ങൾക്കൊരു പ്രശ്നമേയല്ല. എന്നാൽ ചില മാധ്യമങ്ങൾ പറയുന്നത് സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കർഷകസംഘം സമരം നിർത്തിയെന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കർഷക സംഘത്തിെൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കർഷകർ വെച്ചുപിടിപ്പിച്ച മരം മുറിക്കുന്നത് വനം വകുപ്പധികൃതർ തടഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരമവസാനിപ്പിച്ചതെന്നും മന്ത്രി മണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.