കോഴിക്കോട്: വംശീയ അധിക്ഷേപം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഖേദ പ്രകടനത്തിന് മറുപടിയുമായി മുന്‍മന്ത്രി എം.എം. മണി. ഒരുത്തന്റെയും മാപ്പും കോപ്പും വേണ്ടെന്ന് മണി ഫേസ്ബുക്കിൽ കുറിച്ചു.
ഒരുത്തന്റെയും മാപ്പും വേണ്ട ....
കോപ്പും വേണ്ട......
കയ്യിൽ വെച്ചേരെ ...
ഇവിടെ നിന്നും തരാനൊട്ടില്ലതാനും......
മഹിള കോണ്‍ഗ്രസ് മാര്‍ച്ചില്‍ എം.എം. മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ അതുപോലെ തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം എന്നായിരുന്നു സുധാകരന്റെ പ്രതികരണം. മണി അങ്ങനെ ആയതിന് ഞങ്ങളെന്ത് പിഴച്ചുവെന്നും സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്തു ചെയ്യാമെന്നും സുധാകരൻ പറഞ്ഞിരുന്നു.
പ്രതികരണം വലിയ വിവാദമായപ്പോഴാണ് സുധാകരൻ ക്ഷമാപണം നടത്തിയത്. മണിയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ നടത്തിയ പ്രതികരണമാണെന്നും സുധാകരന് ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
മഹിള കോൺഗ്രസ് തിങ്കളാഴ്ച നടത്തിയ നിയമസഭ മാർച്ചിലാണ് എം.എം. മണിയുടെ മുഖം ആൾക്കുരങ്ങിന്റെ ചിത്രത്തോട് ചേർത്ത് ഒട്ടിച്ച കട്ടൗട്ട് ഉപയോഗിച്ചത്. ആൾക്കുരങ്ങിനെ ചങ്ങലക്കിടുന്ന രീതിയിലായിരുന്നു പ്രതിഷേധം. കെ.കെ. രമക്കെതിരായ പരാമർശത്തിന് എം.എം. മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്.
വംശീയ-വ്യക്ത്യധിക്ഷേപത്തിന് വഴിവെക്കും വിധമാണ് മണിയെ സമരക്കാർ ചിത്രീകരിച്ചത്. സംഭവം മാധ്യമങ്ങൾ ശ്രദ്ധിച്ചതോടെ സമരക്കാർ കട്ടൗട്ട് ഒളിപ്പിക്കാൻ ശ്രമം നടത്തി. മണി നിയമസഭയിൽ ഉള്ളപ്പോഴായിരുന്നു പുറത്ത് സമരം നടന്നത്. കെ.കെ. രമയെ അധിക്ഷേപിച്ച വിഷയം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനും മഹിള കോൺഗ്രസ് സമരം തിരിച്ചടിയായി. സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി മഹിള കോൺഗ്രസ് രംഗത്തെത്തി.
ഉപയോഗിച്ച ബോർഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മഹിള കോൺഗ്രസ് അറിയിച്ചു. നിയമസഭ മാര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോർഡ് കൊണ്ടു വന്നത്. മഹിള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോർഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ മാറ്റാന്‍ നിർദേശിച്ചു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയരീതിയല്ലെന്നും ജില്ല പ്രസിഡന്റ് ആർ. ലക്ഷ്മി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.