കൊച്ചി: സത്യപ്രതിജ്ഞ ലംഘനത്തിന് മന്ത്രി എം.എം. മണിക്കെതിരെ നടപടിയും മന്ത്രിമാർക്ക് െപരുമാറ്റച്ചട്ടവും നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സ്ത്രീകളെ അവഹേളിച്ച് പ്രസംഗിച്ചതിലൂടെ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന മുഖ്യ ആവശ്യമുന്നയിച്ച് ഇറ്റലിയിൽ താമസക്കാരനായ മലയാളി ജോസഫ് ഷൈനാണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്.
ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിൽ ഏപ്രിൽ 22ന് നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്ന് മണിക്കെതിരെ മുഖ്യമന്ത്രിയും ഡി.ജി.പിയും നടപടിയെടുക്കാത്തത് അന്യായമാണെന്ന് ഹരജിയിൽ പറയുന്നു. പ്രസംഗത്തിൽ മാധ്യമങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് മണിക്കെതിരെ കേസെടുക്കേണ്ടതാണ്.
എന്നാൽ, ഇതിന് ബാധ്യതപ്പെട്ടവരിൽനിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹരജി നൽകിയിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇത് 12നാണ് പരിഗണനക്ക് വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.