ആദൂർ (കാസർകോട്): കർണാടകയിൽനിന്ന് ഫാമിലേക്ക് വളർത്താൻ പശുക്കളെ കൊണ്ടുവരുമ്പോൾ പിക്കപ് വാൻ തടഞ്ഞ് ഡ്രൈവർക്ക് മർദനം. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ ഫോറസ്റ്റ് ഒാഫിസിന് സമീപത്താണ് സംഭവം. കുറ്റിക്കോൽ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവർ കർണാടക ധർമസ്ഥലയിൽനിന്ന് വളർത്താൻ മൂന്നു പശുക്കളെയും ദിവസങ്ങൾ പ്രായമുള്ള പശുക്കിടാവിനെയും വാങ്ങി പിക്കപ് വാനിൽ കൊണ്ടുവരുമ്പോഴായിരുന്നു അക്രമം.
തോമസും ഭാര്യയും കാറിലും പശുക്കളുമായി പിക്കപ് ലോറികൾ പിറകിലും വരുകയായിരുന്നു. കർണാടക മൃഗസംരക്ഷണ വകുപ്പിെൻറ അനുമതിയോടെയാണ് പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. സുള്ള്യ പൊലീസ് അതിർത്തിയിൽ വാഹനം പരിശോധിച്ചപ്പോൾ ഫാമിലേക്ക് കൊണ്ടുപോവുകയാണെന്ന രേഖകൾ കാണിച്ചതിനാൽ വിട്ടയച്ചു. എന്നാൽ, മിനിറ്റുകൾക്കകം കേരള അതിർത്തിയിൽ ആക്രമിക്കുകയായിരുന്നു.
ദമ്പതികൾ സഞ്ചരിച്ച കാറിന് പിറകിലായി വരുകയായിരുന്ന പിക്കപ് ഡ്രൈവർ ശക്കീൽ അഹമ്മദിനാണ് മർദനമേറ്റത്. കെ.എ 21 പി. 2714 മാരുതി സെലേറിയോ കാറിലാണ് അക്രമിസംഘമെത്തിയത്. വിവരമറിഞ്ഞ് ഉടൻ ആദൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. കാർ മരത്തിലിടിച്ച നിലയിൽ പിന്നീട് പൊലീസ് കണ്ടെത്തി. അക്രമികൾ ഓടിരക്ഷപ്പെട്ടു. പിക്കപ് വാൻ ഡ്രൈവർ ശക്കീൽ അഹമ്മദിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. മുഡൂർ മണ്ഡക്കോൽ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരൺ വേദി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.