Representational Image

ആദ്യം എസ്റ്റിമേറ്റ് 1.70, പിന്നീട് 9.61 കോടിയായി; പട്ടികജാതി വകുപ്പിന്‍റെ ആധുനിക അരി മില്ല് ഉത്തരവിലൊതുങ്ങി

കൊച്ചി: പട്ടികജാതി വകുപ്പിന്‍റെ ആധുനിക അരി മില്ല് ഉത്തരവിലൊതുങ്ങി. പാലക്കാട് കാവശ്ശേരി കല്ലേപ്പുള്ളിയിൽ ആധുനിക രീതിയിലുള്ള അരി മില്ല് സ്ഥാപിക്കുന്നതിന് 2017ൽ ഭരണാനുമതി നൽകിയ പദ്ധതിയാണ് പാതിവഴിയാലായത്. നെല്ലുസംഭരണത്തിലും സംസ്‌കരണത്തിലുമുള്ള ചൂഷണങ്ങള്‍ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനാണ് ആധുനിക അരി മില്ല് സ്ഥാപിക്കുന്നതെന്ന മുൻമന്ത്രി എ.കെ. ബാലന്‍റെ പ്രഖ്യാപനവും ജലരേഖയായി.

പാലക്കാട് 99 പട്ടികവിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ജോലി നൽകാനുള്ള പദ്ധതിക്കാണ് പട്ടികജാതി ഡയക്ടർ 1.70 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചത്. 2016 ഡിസംബർ 22ന് സംസ്ഥാന വർക്ക് ഗ്രൂപ്പ് യോഗം പദ്ധതി അംഗീകരിച്ചു. സർക്കാർ 2017 ജനുവരി 27ന് ഭരണാനുമതിയും നൽകി.

മാർച്ച് നാലിന് കെൽപാം എം.ഡിയും എസ്.സി ഡയറക്ടറും തമ്മിൽ അരി മില്ല് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടർ ഒഴികെയുള്ള എല്ലാ തസ്തികകളും പട്ടിക വിഭാഗത്തിന് സംവരണം ചെയ്യുമെന്ന് ഉറപ്പ് നൽകി. കെൽപാമിന്‍റെ പ്രവർത്തനരഹിതമായ യൂനിറ്റിലുണ്ടായിരുന്ന പട്ടികജാതി തൊഴിലാളികൾക്ക് മുൻഗണന നൽകുമെന്നും ഉറപ്പ് നൽകി. പട്ടികജാതി വകുപ്പിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന തീയതി മുതൽ ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്ര പ്രകാരം പട്ടികജാതി വകുപ്പ് 1.70 കോടി കൈമാറി.

എന്നാൽ, കെൽപാം അരിമില്ലിന്‍റെ പ്രോജക്റ്റ് വീണ്ടും വിശകലനം ചെയ്തു. പദ്ധതി പുന:പരിശോധിക്കാൻ തീരുമാനിച്ചു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിനായി കെല്ലിനെ (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ്) ചുമതലപ്പെടുത്തി. കെൽപാം 2018 ഡിസംബർ 28ന് പുതുക്കിയ ഡി.പി.ആർ സമർപ്പിച്ചു. അത് പട്ടികജാതി ഡയറക്ടർ സർക്കാരിന് കൈമാറി. പുതുക്കിയ ഡി.പി.ആർ പ്രകാരം പദ്ധതി നടപ്പാക്കാൻ 9.61 കോടി ആവശ്യപ്പെട്ടു. തുടർന്ന് പട്ടികജാതിവകുപ്പ് 9.61 കോടി രൂപ അനുവദിച്ചു.

2019 ഫെബ്രുവരി എട്ടിന് കെൽപാം എം.ഡിയും എസ്.സി ഡയറക്ടറും തമ്മിൽ രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടു. നിർമാണം 18 മാസത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു അതിലെ വ്യവസ്ഥ. പട്ടികജാതി ഡയറക്ടർ ഇതുവരെ കെൽപാമിന് 2.89 കോടി കൈമാറി. എന്നാൽ അരി മിൽ സ്ഥാപിക്കുന്നത് പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് ഇപ്പോഴും തുടരുന്നത്.

അന്വേഷണ റിപ്പോർട്ട് പ്രകാരം പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിനുമുമ്പ് 2017 ജനുവരി 27ന് പട്ടികജാതി വകുപ്പ് ധാരണാപത്രം ഒപ്പുവെച്ചു. പദ്ധതി എസ്റ്റിമേറ്റ് 1.70 കോടി നിശ്ചയിച്ച് ധാരണാപത്രം ഒപ്പിട്ടതിന് ശേഷം രണ്ട് വർഷം അരിമിൽ സ്ഥാപിക്കുന്ന ജോലി ആരംഭിക്കാൻ കെൽപാം ഒന്നും ചെയ്തില്ല. പട്ടികജാതി വകുപ്പ് നൽകിയ തുക കെൽപാമിന്‍റെ അക്കൗണ്ടുകളിൽ വെറുതെ ഇട്ടു.

മില്ലിന്‍റെ നിർമാണം ആരംഭിക്കാത്ത സാഹചര്യത്തിൽ തുക തിരികെ നൽകാൻ കെൽപാമിന് എസ്.സി ഡയറക്ടർ നിർദേശം നൽകിയില്ല. പട്ടികജാതി വകുപ്പിന് 2017 ജനുവരി 27 മുതൽ 2019 ഫെബ്രുവരി എട്ട് വരെ (രണ്ട് വർഷത്തേക്ക് ) 1.70 കോടി രൂപയും പലിശയും നഷ്ടമായി. രണ്ടാമത്തെ ധാരണാപത്രം 2019 ഫെബ്രുവരി എട്ടിനാണ് ഒപ്പിട്ടത്.

ആദ്യ എസ്റ്റിമേറ്റിൽനിന്ന് (1.70 കോടി) രണ്ടാമത്തെ എസ്റ്റിമേറ്റിലെത്തിയപ്പോൾ (9.61 കോടി) ഗണ്യമായ വർധനയാണുണ്ടായത്. ധനസഹായം നൽകുന്നതിനുമുമ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് എസ്.സി വകുപ്പ് ആഴത്തിലുള്ള പഠനം നടത്താത്തതാണ് ഇതിന് കാരണം. പദ്ധതിയുടെ പ്രൊപ്പോസൽ ലഭിച്ചപ്പോൾ പട്ടികജാതിവകുപ്പ് അത് നേരിട്ട് സർക്കാരിന് അംഗീകാരത്തിനായി അയക്കുകയും അതിനുശേഷം ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇത് പണനഷ്ടത്തിനും പ്രോജക്റ്റ് നടപ്പിലാക്കുന്നതിൽ അമിതമായ കാലതാമസത്തിനും കാരണമായി. പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയാണ് അരിമില്ലിന്‍റെ നിർമാണത്തിന് കാലതാമസം നേരിട്ടതിന് കാരണം. 

Tags:    
News Summary - modern rice mill project of Scheduled Castes Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.