കൊച്ചി: തനിക്കെതിരായ ആനക്കൊമ്പ് കൈവശംവെച്ച കേസിലെ കുറ്റപത്രം നിലനിൽക്കുന്നതല്ലെന്ന വാദവുമായി നടൻ മോഹൻലാൽ. ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് കുറ്റപത്രം നിലനിൽക്കില്ലെന്ന വാദം ഉയർത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകിയത്. തനിക്ക് ലൈസൻസ് സർക്കാർ അനുവദിച്ചതാണെന്നും മോഹൻലാൽ കോടതിയിൽ അറിയിച്ചു.
അപകീർത്തിപ്പെടുത്താൻ മാത്രമാണ് ഇത്തരത്തിൽ പരാതി ഉയരുന്നത്. അതുകൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് പോകരുതെന്നും മോഹൻലാൽ കോടതിയിൽ നൽകിയ വിശദീകരണത്തിൽ അഭ്യർഥിച്ചു.
2011 ഡിസംബര്‍ 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി സ്വീകരിക്കാത്തത് ചോദ്യംചെയ്ത് ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് അന്തിക്കാട് നൽകിയ ഹരജിയിലാണ് കോടതി പ്രതിഭാഗത്തിന്റെ വിശദീകരണം കേട്ടത്. ഹരജിയിൽ കോടതി സർക്കാറിന്റെ വിശദീകരണവും തേടിയിരുന്നു. കേസിൽ മോഹൻലാലിനെ ഒന്നാംപ്രതിയാക്കി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായാണ് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്.
2011ല്‍ മോഹന്‍ലാലിെൻറ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയെന്നാണ് കേസ്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
1972ലെ വന്യജീവി സംരക്ഷണനിയമം ലംഘിച്ച് ആനയുടെ കൊമ്പ് നിയമവിരുദ്ധമായി കൈവശംവെച്ച് കൈമാറ്റം ചെയ്്തെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. മോഹൻലാലിനെ കൂടാതെ തൃശൂര്‍ ഒല്ലൂര്‍ ഹില്ഗാര്ഡന്സില് പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല അപ്പാർട്മെൻറില്‍ നളിനി രാധാകൃഷ്ണന് എന്നിവരാണ് രണ്ടുമുതൽ നാലുവരെ പ്രതികള്‍.
ആനക്കൊമ്പുകള്‍ അനുമതിയില്ലാതെയാണ് സൂക്ഷിച്ചതെന്നാണ് കുറ്റപത്രം. കെ. കൃഷ്ണകുമാറാണ് ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍. കൃഷ്ണകുമാർ ലാലിെൻറ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാൻ 1988ല്‍ നല്‍കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.