കൊല്ലം: ആർ.എസ്.പി നേതാവും ചവറ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ ഷിബുബേബി ജോണിന് വിജയാശംസകൾ നേർന്ന് നടൻ മോഹൻലാൽ. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിനെന്നും രാഷ്ട്രീയക്കാരൻ എന്നതിലുപരി എന്‍റെ അടുത്ത സുഹൃത്താണെന്നും മോഹൻലാൽ ആശംസ വിഡിയോയിൽ പറഞ്ഞു.
മോഹൻലാൽ പങ്കുവെച്ച ആശംസ വിഡിയോയിൽ പറയുന്നതിങ്ങനെ:
''വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പ്രാധാന്യമുള്ള ജില്ലയാണ് കൊല്ലം. തോട്ടണ്ടി, കരിമണൽ, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം. ഈ മണ്ഡലത്തിന്‍റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോൺ സാർ. അദ്ദേഹത്തിന്റെ മകൻ, ഷിബു ബേബി ജോൺ, ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി എന്‍റെ അടുത്ത സുഹൃത്താണ്. അച്ഛനെപ്പോലെ തന്നെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്ക് അറിയാവുന്നതാണ്. തന്‍റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാർക്ക് അറിയാവുന്നതാണ്. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിന്, എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാടിന്‍റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സ്വപ്നം കാണുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്‍റെ സഹോദര തുല്യനായ ഷിബുവിന് വിജയാശംസകൾ''.
പത്തനാപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സിനിമ നടനുമായ കെ.ബി ഗണേഷ് കുമാറിന് വേണ്ടിയും മോഹൻലാൽ നേരത്തേ വിജയാശംസകൾ നേർന്നിരുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥി എൻ. വിജയൻ പിള്ള 6,189 വോട്ടിന് ഷിബുവിനെ അട്ടിമറിച്ചിരുന്നു. അന്തരിച്ച വിജയൻ പിള്ളയുെട മകൻ ഡോ.സുജിത് വിജയനാണ് ഇക്കുറി ഷിബുവിന്‍റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.