ആനക്കൊമ്പ്: മോഹന്‍ലാലിന്‍െറ ഹരജി 14ലേക്ക് മാറ്റി

കൊച്ചി: അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചെന്ന പരാതിയില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നല്‍കിയ ഹരജി ഹൈകോടതി 14ന് പരിഗണിക്കാന്‍ മാറ്റി. മോഹന്‍ലാലിന്‍െറ വസതിയില്‍നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചെന്നാരോപിച്ച് എറണാകുളം ഏലൂര്‍ സ്വദേശി എ.എ. പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഓക്ടോബര്‍ 15ന് കോടതി മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് കോടതി ഉത്തരവ്, കാര്യങ്ങള്‍ വേണ്ടവിധം പരിശോധിക്കാതെയാണെന്ന് ഹരജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതിയോടെ സംസ്ഥാന സര്‍ക്കാറാണ് തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. സംസ്ഥാന ഗവര്‍ണറാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കെ ഇത്തരമൊരു അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി നിലനില്‍ക്കുന്നതല്ല. സംഭവവുമായി ബന്ധമില്ലാത്ത ഒരാള്‍ നല്‍കിയ ഹരജിയിലെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. മോഹന്‍ലാലിനു പുറമെ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ലാലിന് ആനക്കൊമ്പുകള്‍ നല്‍കിയ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗേറ്റില്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

 

Tags:    
News Summary - mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.