വികസന നേട്ടങ്ങളില്ലാത്ത പിണറായി സര്‍ക്കാറിന് എന്തുനേട്ടമാണ് സംസ്ഥാനത്തിന് പുറത്ത് അവതരിപ്പിക്കാനുള്ളത് -കെ. സുധാകരന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം കണ്‍മുന്നില്‍ ഒരു തീരാനോവായി തുടരുമ്പോഴും പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാറിന്‍റേത് മനഃസാക്ഷിയില്ലാത്തതും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്നതുമായ നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സംസ്ഥാനത്തിന് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 100 തീയറ്റുകളിലേക്ക് സര്‍ക്കാറിന്റെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാനാണ് 20 ലക്ഷത്തോളം തുക ഇപ്പോള്‍ അനുവദിച്ചതെന്നും സുധാകരൻ പറഞ്ഞു.

കേരളീയം, നവകേരളസദസ്സ്, മുഖാമുഖം തുടങ്ങിയ പി.ആര്‍ വര്‍ക്കുകള്‍ക്കായി കോടികള്‍ ചെലവാക്കിയ സര്‍ക്കാര്‍ വീണ്ടും കേരളീയത്തിനായി പത്തു കോടിയോളം മറ്റിവെച്ചിട്ടുണ്ട്. പി.ആര്‍ എക്‌സര്‍സൈസ് ചെയ്തു പണം പാഴാക്കാതെ ആ തുകയെല്ലാം വയനാട് ജനതയുടെ പുനരധിവാസത്തിന് നീക്കിവെക്കാനുള്ള മനുഷ്യത്വപരമായ നടപടി സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം. കേരള ജനത മുഴുവന്‍ അവരാല്‍ കഴിയുന്ന സഹായം വയനാട്ടിലെ പാവങ്ങളെ സഹായിക്കാനായി സംഭാവന ചെയ്യുമ്പോഴാണ് പിണറായി സര്‍ക്കാറിന്റെ ഈ തലതിരിഞ്ഞ നടപടിയെന്നും കെ. സുധാകരന്‍ പരിഹസിച്ചു.

വികസന നേട്ടങ്ങള്‍ ഇല്ലാത്ത പിണറായി സര്‍ക്കാറിന് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് പുറത്ത് അവതരിപ്പിക്കാനുള്ളത്. അടിസ്ഥാന വികസനത്തിനും മുന്‍ഗണനാ പദ്ധികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാരിന്റെ കൈയില്‍ ചില്ലിക്കാശില്ല. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പിണറായി സര്‍ക്കാറിന്റെ 1070 നൂറുദിന കര്‍മ്മപദ്ധതികളില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് നാലെണ്ണം മാത്രമാണ്. ഈ വര്‍ഷം ഡിസംബര്‍ വരെ 3700 കോടി മാത്രമാണ് സംസ്ഥാനത്തിന് ആകെ കടമെടുക്കാന്‍ കഴിയുക. ഓണക്കാലം ആയതിനാല്‍ ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് എന്നിവക്കും വിപണിയിടപെടലിനും മറ്റും അധികതുക കണ്ടെത്തേണ്ട സര്‍ക്കാരാണ് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ അനാവശ്യ പണച്ചെലവ് നടത്തുന്നതെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

അധികാരത്തിലേറിയത് മുതല്‍ സാധാരണ നികുതിദായകന്റെ പണം ദുർവിനിയോഗം ചെയ്യുകയെന്നതാണ് പിണറായി സര്‍ക്കാറിന്റെ പൊതുനയം. സാമൂഹ്യ സുരക്ഷ പെന്‍ഷനും 17ലധികം വിവിധ ക്ഷേമനിധി പെന്‍ഷനുകളും മാസങ്ങളായി കുടിശ്ശികയാണ്. പതിനായിരം കോടിയിലധികം തുക വേണം കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍. ഇന്ധന സെസ് ഏര്‍പ്പെടുത്തി അധിക വിഭവസമാഹരണം നടത്തിയ തുക ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് പകരം സര്‍ക്കാറിന്റെ ധൂര്‍ത്തിനായി വകമാറ്റുകയാണ്. ഫണ്ടില്ലാത്തിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടേയും സപ്ലൈകോയുടേയും പ്രവര്‍ത്തനം താളംതെറ്റി. കൃഷിനാശം സംഭവിച്ചവര്‍ക്കും നെല്ല് സഭംരിച്ച വകയിലും നല്‍കാനുള്ള കോടികള്‍ നല്‍കിയിട്ടില്ല. ഇങ്ങനെയുള്ള സര്‍ക്കാറിന് വയനാട് ജനതയുടെ വേദന പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്നതില്‍ സംശയുമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Money should not be wasted on PR exercise and should be earmarked for rehabilitation of Wayanad -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.