കോഴിക്കോട്: കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും അക്കൗണ്ടിന്റെ പാസ്വേഡും വാങ്ങി അരലക്ഷം രൂപ തട്ടിയ കേസിൽ നാലു യുവാക്കൾ അറസ്റ്റിൽ. ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ അർഫാൻ (പുള്ളി -20), ചക്കുംകടവ് സ്വദേശി അജ്മൽ ബിലാൽ (ഗാന്ധി -21), അരക്കിണർ സ്വദേശി റഹീഷ് (പാളയം റയീസ് -30), മാത്തോട്ടം സ്വദേശി റോഷൻ അലി (മോട്ടി -25) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തുനിന്ന് കത്തി കഴുത്തിൽവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിയിൽനിന്നും മൊബൈൽ ഫോണും ഗൂഗ്ൾ പേയുടെയും പേ.ടി.എമ്മിന്റെയും പാസ്വേഡും വാങ്ങി പണം തട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്. ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തിയും കവർച്ച നടത്തിയ ഫോണും പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു.
പരാതി ലഭിച്ചതോടെ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, നഗരത്തിൽ രാത്രികാലങ്ങളിൽ കറങ്ങുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിറ്റി ക്രൈം സ്ക്വാഡിനെ ചുമതലപ്പെടുത്തി.
മാത്രമല്ല, ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെക്കുറിച്ചും അന്വേഷണം നടത്തി.
ഈ അന്വേഷണങ്ങളിലാണ് നേരത്തെ സമാന കേസുകളിലുൾപ്പെട്ട അർഫാന്റെ നേതൃത്വത്തിൽ കത്തിയുമായി ഒരുസംഘം നഗരത്തിൽ രാത്രികാലങ്ങളിൽ ഭീതിപരത്തി കറങ്ങുന്നതായി വ്യക്തമായത്.
ബൈക്കിലും കാറിലും ഈ സംഘം കറങ്ങാറുണ്ടെന്ന് വിവരം ലഭിച്ച സിറ്റി ക്രൈം സ്ക്വാഡ് അർഫാന്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും കണ്ടെത്തി. സ്ഥിരമായി ഒരേ സ്ഥലത്ത് തമ്പടിക്കാത്ത സംഘത്തെ കുടുക്കാൻ പലതവണ ശ്രമം നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെയാണ് പിടികൂടാനായത്.
20കാരനായ അർഫാനെതിരെ ഇരുപതിലധികം കേസുകൾ നിലവിലുണ്ട്. അജ്മൽ ബിലാൽ നിരവധി കേസുകളിൽ അർഫാന്റെ കൂട്ടുപ്രതിയാണ്. റോഷൻ അലി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതിയാണ്. കോടതിയുടെ ജാമ്യവ്യവസ്ഥകൾ കാറ്റിൽ പറത്തിയായിരുന്നു സംഘത്തിന്റെ വിളയാട്ടം.
സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സജേഷ് കുമാർ, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, കസബ സബ് ഇൻസ്പെക്ടർ കെ.എം. റസാഖ്, സീനിയർ സി.പി.ഒമാരായ മനോജ്, രതീഷ്, രജീഷ് നെരവത്ത്, സി.പി.ഒമാരായ അനൂപ്, സന്ദീപ് സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.